ലുപ്പം കൂടിയ വീടായാലും ചെറിയ വീടായാലും വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പെട്ടെന്ന് കണ്ണെത്താത്ത പല സ്ഥലങ്ങളും പലപ്പോഴും പൊടിയും അഴുക്കും അടിഞ്ഞ് വൃത്തികേടായി ഇരിക്കുന്നുണ്ടാകും. വീട്ടിലെ ഇത്തരം സ്ഥലങ്ങള്‍ ഏതൊക്കെയെന്നും എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്നും നോക്കാം.

ഗ്രൗട്ട് 

ടൈലുകള്‍ക്കിടയിലെ ഭാഗമാണ് ഗ്രൗട്ട്. ടൈലുകള്‍ക്കിടയില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയിരിക്കുന്നതായി കാണാം. നല്ല വിലകൊടുത്ത് വാങ്ങിയ ടൈലുകളുടെ ഭംഗി പോലും ഇങ്ങനെ നഷ്ടപ്പെടും. മാസത്തില്‍ ഒരിക്കല്‍ വൃത്തിയാക്കാം എന്നു കരുതിയാല്‍ അത് പണി ഇരട്ടിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍, ദിവസവമുള്ള വൃത്തിയാക്കലിനൊപ്പം ഇതുകൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.
ഗ്രൗട്ട് വൃത്തിയാക്കുന്നതിന് പ്രത്യേകം രൂപകല്‍പന ചെയ്ത ബ്രഷുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് വൃത്തിയാക്കാം. പഴയ ടൂത്ത്ബ്രഷുപയോഗിച്ചും എളുപ്പത്തില്‍ ഗ്രൗട്ട് വൃത്തിയാക്കാവുന്നതാണ്. വെള്ളത്തില്‍ വിനാഗിരി കലര്‍ത്തിയശേഷം ഇത് ടൈലുകള്‍ക്കിടയില്‍ സ്പ്രേ ചെയ്ത് കൊടുക്കുക. നാളുകളായി കട്ടിപ്പിടിച്ച് കിടക്കുന്ന അഴുക്കുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

എയര്‍ വെന്റിലേഷനുകള്‍

കൃത്യമായ ഇടവേളകളില്‍ വീട്ടിലെ എയര്‍കണ്ടീഷനിങ്, ഹീറ്റ്, വെന്റിലേഷന്‍ വൃത്തിയാക്കാത്തത് അലര്‍ജി,ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്ക് വഴിവെക്കും. പൊടി, മുടി, ചെറിയ നൂലിഴകള്‍ എന്നിവയെല്ലാം അടിഞ്ഞുകൂടാന്‍ ഏറ്റവും സാധ്യതയുള്ള ഇടമാണിവ. വളരെ വേഗത്തില്‍ വായുവില്‍ കയറാന്‍ ഈ മാലിന്യങ്ങള്‍ക്ക് കഴിയും. വാക്വം ക്ലീനര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇവ വൃത്തിയാക്കാന്‍ കഴിയുന്നതാണ്. വൃത്തിയാക്കുമ്പോള്‍ ഗ്ലൗസും മാസ്‌കും ധരിക്കാന്‍ ശ്രദ്ധിക്കണം.

ഷവര്‍ഹെഡ്

നമ്മളില്‍ മിക്കവരും ഷവറിനു കീഴില്‍നിന്ന് കുളിക്കുന്നവരാണ്. എന്നാല്‍, ഷവറിലെ ഹോളുകള്‍ മിക്കവയില്‍നിന്നും വെള്ളം വരുന്നുണ്ടാകില്ല. പായലും സോപ്പിന്റെ കറ എന്നിവയെല്ലാം അടിഞ്ഞ് അവ അടഞ്ഞുപോയിട്ടുണ്ടാകും. ഷവര്‍ ഹെഡ് അഴിച്ചെടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അത് എടുത്ത് ചൂടുവെള്ളവും വിനാഗിരിയും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി വയ്ക്കുക. അഴിച്ചെടുക്കാന്‍ കഴിയില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ മേല്‍പ്പറഞ്ഞ മിശ്രിതം നിറച്ച് ഷവര്‍ ഹെഡില്‍ കെട്ടി വയ്ക്കുക. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇത് നീക്കം ചെയ്ത് വെള്ളം തുറന്ന് വിടുക.

ഡ്രെയ്ന്‍ സ്റ്റോപ്പര്‍

ബാക്ടീരിയകളുടെയും പായലിന്റെയും അഴുക്കിന്റെയും കേന്ദ്രമാണ് ഡ്രെയ്ന്‍ സ്റ്റോപ്പര്‍. സിങ്കില്‍ വെള്ളം പോകുന്നതിന് തടസ്സം നേരിടുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ കടയിലേക്ക് ഓടേണ്ടതില്ല. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഡ്രെയ്ന്‍ സ്‌റ്റോപ്പര്‍ കഴുകാം. ആവശ്യമെങ്കില്‍ വിനാഗിരി മിശ്രിതത്തില്‍ സ്റ്റോപ്പര്‍ കുറച്ച് സമയം മുക്കിവെച്ചശേഷം സോപ്പുപയോഗിച്ച് കഴുകാം.

കിച്ചന്‍ സ്‌പോഞ്ച്

രാത്രി അടുക്കളയിലെ പണികള്‍ പൂര്‍ത്തിയാക്കിയശേഷം അവസാനം പാത്രം കഴുകുന്ന സ്‌പോഞ്ചിലേക്ക് ഒന്ന് നോക്കി നോക്കൂ. നിറയെ അഴുക്ക് അടിഞ്ഞ് കൂടിയിരിക്കുന്നത് കാണാം. ഇകോളി, സാല്‍മോണെല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാക്ടീരിയ അടിഞ്ഞുകൂടുമ്പോള്‍ സ്‌പോഞ്ചില്‍ നിന്ന് ദുര്‍ഗന്ധം വന്നു തുടങ്ങും. ഒരു മിനിറ്റ് നേരം മൈക്രോവേവില്‍ വെച്ച് ചൂടാക്കുന്നത് സ്‌പോഞ്ച് വൃത്തിയാക്കാനുള്ള എളുപ്പവഴിയാണ്. ചൂടുവെള്ളത്തില്‍ ബ്ലീച്ച് പൊടി ഇട്ടശേഷം അതില്‍ സ്‌പോഞ്ച് ഇട്ടുവയ്ക്കാം.

Content highlights: how to clean home, Dirty places in a home, tips to clean dirty places of house