വീടുകള്‍ക്ക് പുറത്ത് പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നിര്‍മ്മിച്ച് വീടുകളുടെ അഴക് കൂട്ടുന്നതുപോലെതന്നെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഉപയോഗിച്ച് അകത്തളഭംഗിയും വര്‍ദ്ധിപ്പിക്കാം. ഇത്തരം ചെടികള്‍ വീടുകള്‍ക്കുള്ളില്‍ ഓക്സിജന്റെ അളവ് കൂട്ടുകയും മുറികളെ മനോഹരമാക്കുകയും ചെയ്യും. പുറത്തെ ചെടികള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ കാര്യത്തിലും കരുതല്‍ വേണം.
അകത്തളങ്ങളില്‍ വയ്ക്കുന്ന ചെടികള്‍ക്ക് പരിചരണം അത്യാവശ്യമാണ്. ചെടികളെ ഇഷ്ടപ്പെടുന്നവര്‍ മാത്രം ഇന്‍ഡോര്‍പ്ലാന്റുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. കൃത്യമായി ജലവും വളവും നല്‍കാതെ വാടിക്കരിഞ്ഞ് നില്‍ക്കുന്ന ചെടികള്‍ വീടുകളുടെ അഴക് കുറയ്ക്കും. ക്രോട്ടണ്‍സ്, മണിപ്ലാന്റുകള്‍, വിവിധതരം പനകള്‍, ബോണ്‍സായ്കള്‍, ബിഗോണിയ, ആന്തൂറിയം, ഓര്‍ക്കിഡ്, എന്നീ ചെടികള്‍ ഇന്‍ഡോറില്‍ ഉപയോഗിക്കാം. മുറിയില്‍ വെളിച്ചം നന്നായി ലഭിക്കുന്ന ഇടങ്ങളില്‍ വേണം ചെടിവയ്ക്കാന്‍.
ഒന്നിടവിട്ട ആഴ്ചകളില്‍ ഇന്‍ഡോര്‍പ്ലാന്റുകള്‍ മുറികള്‍ക്കുപുറത്ത് വച്ച് വെയില്‍ കൊള്ളിക്കണം. ചെടിയുടെ ഇലകളില്‍ പൊടി പിടിക്കാതെ തുടച്ച് വൃത്തിയാക്കണം.
ചെടിച്ചട്ടിയിലും, മണ്‍പാത്രങ്ങളിലും ചെടിനടാം. മണ്‍പാത്രങ്ങളില്‍ നടുമ്പോള്‍ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതിനാല്‍ പാത്രത്തിന് അടിയിലായി ചെറിയൊരു പാത്രം വച്ച് അതില്‍ വെളളം ഒഴിച്ചിടാവുന്നതാണ്.
മണിപ്ലാന്റുകള്‍ അധികം വളരാതെ അവയുടെ വേരുകളും ഇലകളും മുറിച്ച് കളയണം. ചെറിയ മുറികള്‍ക്കുള്ളില്‍ ചെറിയ ചെടികള്‍വയ്ക്കുന്നതാണ് നല്ലത്. ഇത് സ്ഥലലഭ്യതകൂട്ടും. ബോണ്‍സായ് മരങ്ങള്‍ മുറികളില്‍ വയ്ക്കുന്നതും അകത്തളങ്ങള്‍ക്ക് കൂടുതല്‍ ഭംഗിനല്‍കും.
Content Highlights: How to Care for Indoor Plants Tips