സ്വന്തമായൊരു ജിം വീട്ടിലുണ്ടായിരുന്നെങ്കില്‍... അതിരാവിലെ എഴുന്നേറ്റു ജിമ്മിലേക്കു പോകുമ്പോഴോ നടക്കാന്‍ പോകുമ്പോഴോ ഒക്കെ ഉള്ളിന്റെയുള്ളില്‍ പലര്‍ക്കും ഉണ്ടാകുന്നൊരു തോന്നലാണിത്. വിചാരിച്ച ബജറ്റില്‍ ഒരു വീട് പണിതെടുക്കുന്നതിന്റെ തത്രപ്പാടിനിടയില്‍ ജിമ്മൊക്കെ നമുക്കൊരു അധികച്ചെലവാണ്. പക്ഷേ ഇപ്പോഴും സമയം കഴിഞ്ഞിട്ടൊന്നുമില്ല. ചില കാര്യങ്ങള്‍ നന്നായി പ്ലാന്‍ ചെയ്‌തെടുത്താല്‍ കുറഞ്ഞ ചെലവില്‍ സ്വന്തമായൊരു ജിം വീട്ടിലുണ്ടാക്കിയെടുക്കാം. 

* വീട്ടിലെ ഒരിടം ജിമ്മിനായി കണ്ടെത്താം. അതിനു പ്രത്യേകമൊരു മുറി തന്നെ വേണമെന്നില്ല. താരതമ്യേന വലിപ്പം കൂടിയ മുറികളെ വേര്‍തിരിച്ച് ഒരുഭാഗം ജിമ്മിനായി ഉപയോഗിക്കാവുന്നതാണ്. 

* കാറ്റും വെളിച്ചവും ആവശ്യത്തിന് കിട്ടുന്ന ഇടങ്ങളില്‍ വേണം ജിമ്മുകള്‍ ഉണ്ടാക്കാന്‍. ജനലുകള്‍ തുറന്നിടാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് തന്നെ പറ്റാവുന്നത്രയും ലൈറ്റുകള്‍ ഉള്ളില്‍ തന്നെ ക്രമീകരിക്കാവുന്നതാണ്. ഫേണ്‍സ്, ബാംബൂ, സ്‌പൈഡര്‍ പ്ലാന്റ് തുടങ്ങിയവ ജിമ്മിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ഓക്‌സിജന്റെ അളവു കൂട്ടുകയും ചെയ്യുന്നു. നമ്മുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള എല്ലാ സാധനങ്ങളും മുറിയില്‍ നിന്ന് എടുത്തു മാറ്റുക. വലിയൊരു കണ്ണാടി ജിമ്മിനുള്ളില്‍ സ്ഥാപിക്കുന്നതു നല്ലതാണ്. ഇതുവഴി മുറിക്കു കൂടുതല്‍ വലിപ്പക്കൂടുതല്‍ അനുഭവപ്പെടും. ഒപ്പം തന്നെ വര്‍ക്കൗട്ടിനെ വിലയിരുത്താനുള്ള മാര്‍ഗവുമാണിത്. 

* ഇനി ജിമ്മിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാം. പലവീടുകളിലും വലിയ ട്രെഡ്മില്ലുകള്‍ തുണിയുണക്കാനായി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. വാങ്ങുന്നവ അത്യാവശ്യമാണെന്ന് ഉറപ്പു വരുത്തി മാത്രം വാങ്ങുക. ചെറിയ ട്രെഡ് മില്‍, ഫോം റോളേഴ്‌സ് തുടങ്ങിയവ തുടക്കത്തില്‍ ജിമ്മില്‍ കരുതാം. പിന്നീട് ആവശ്യാനുസരണം സ്വന്തം ജിം അപ്‌ഗ്രേഡ് ചെയ്‌തെടുക്കാവുന്നതാണ്. 

* വീട്ടിലെ ഒരു പകുതി ജിമ്മിനായി ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റുള്ള ഇടങ്ങളെ അലോസരപ്പെടുത്താത്ത തരത്തില്‍ വേണം സാധനങ്ങള്‍ ക്രമീകരിക്കാന്‍. ജിമ്മിന്റെ ഉപയോഗം കഴിഞ്ഞയുടനെ എല്ലാ സാധനങ്ങളും അടുക്കിവെക്കാനായി പ്രത്യേകം ഷെല്‍ഫുകള്‍ നിര്‍മിക്കുക. 

* ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉണ്ടാക്കിയെടുത്ത ജിം ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കുക. പൊടിയും മാറാലയും പിടിച്ച്, കാണുന്നവര്‍ കളിയാക്കുന്ന വിധത്തില്‍ ജിമ്മുകളെ ഉപയോഗശൂന്യമായി ഇടരുത്. 

കുറഞ്ഞ ചിലവില്‍ ഉണ്ടാക്കിയെടുക്കുന്ന മികച്ച ജിമ്മുകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ വീടിനും ഒരു ഹെവി ലുക്ക് നല്‍കും. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: home gym tips