പ്രതീകാത്മക ചിത്രം Photo: Getty Images
പ്രായമായവര്‍ക്ക് വീടുകള്‍ ഒരുക്കുമ്പോള്‍ ഒട്ടേറെക്കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എപ്പോഴും അവരെ നിരീക്ഷിക്കാനുള്ള കാമറ മുതല്‍ പലതരം അലാറങ്ങളും, സെന്‍സറുകളും എല്ലാം ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതിനൊപ്പം തെന്നിവീഴാത്ത തറയും പിടിച്ചു നടക്കാനുള്ള ഹാന്‍ഡിലുകളുമടക്കം സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലതാനും.
1. ഫ്‌ളോറിങിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഗ്ലോസി ഫിനിഷുള്ള ഫ്‌ളോറുകള്‍ ഒഴിവാക്കി മാറ്റ് ഫിനിഷ്, സെമി മാറ്റ് ഫിനിഷുള്ള ഫ്‌ളോറുകളാണ് നല്ലത്. തെന്നി വീഴാതെ നടക്കാനും വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുമ്പോള്‍ വഴുതിപ്പോകാതിരിക്കാനും എല്ലാം നല്ലത് ഇത്തരം ഫ്‌ളോറുകളാണ്. ഫ്‌ളോറിങില്‍ കാര്‍പ്പെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. നടക്കുമ്പോള്‍ കാലിലോ സ്റ്റിക്കിലോ ഒക്കെ ഇവ തടയാനും വീഴാനും സാധ്യതയുണ്ട്.
2. ബാത്ത് റൂമിലും റഫ് മിക്‌സുള്ള ടൈലുകള്‍ ഉപയോഗിക്കണം. മിനുസമുള്ള തറ പാടില്ല. ടോയിലറ്റിന് സമീപം പിടിച്ച് ഇരിക്കാനും എഴുന്നേല്‍ക്കാനും ഹാന്‍ഡ് റസ്റ്റുകള്‍ നല്‍കാറുണ്ട്. ബാത്ത് റൂമില്‍ ഷവര്‍ ഹെഡ് കൊടുക്കുമ്പോള്‍ ഹാന്‍ഡ് ഷവറുകളാണ് നല്ലത്. ഇരുന്ന് കുളിക്കുന്നവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം ഹാന്‍ഡ് ഷവറുകളാണല്ലോ. ബാത്ത് റൂമില്‍ ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കാന്‍ ഡൈവേര്‍ട്ടറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പ്രായമായവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല, പകരം രണ്ടും രണ്ട് ടാപ്പ് തന്നെ നല്‍കുന്നതാണ് ഉത്തമം.
3. ഡ്രോയറുകള്‍ എല്ലാം ചെസ്റ്റ് ഡ്രോയറുകളാണ് നല്‍കുന്നത്. നിവര്‍ന്ന് നിന്ന് തന്നെ സാധനങ്ങള്‍ വയ്ക്കാനും എടുക്കാനും കഴിയുന്ന വിധമാണ് ക്രമീകരണം.
4. ഫര്‍ണിച്ചറുകള്‍ അറേഞ്ച് ചെയ്യുമ്പോള്‍ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താത്ത വിധം വേണം മുറി ഒരുക്കുവാന്‍. മുറിയിലെ ഓരോ സാധനങ്ങളും തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കണം. വാക്കറിലോ വീല്‍ചെയറിലോ പിടിച്ച് മാത്രം നടക്കുന്നവര്‍ക്ക് പോലും ശരിയായി സഞ്ചരിക്കാനും പെരുമാറാനുമുള്ള ഇടം ഒരുക്കി വേണം വീട് നിര്‍മിക്കാന്‍. ബെഡ് സ്വിച്ചുകളും റൂമിലെ മറ്റ് സ്വിച്ചുകളും പെട്ടെന്ന് ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ഘടിപ്പിക്കുക.
5. സ്‌മോക്ക് ഡിക്ടറ്റര്‍, ഫയര്‍ അലാറം, ബര്‍ഗ്‌ളര്‍ അലാറം, പുറത്തെ വാതിലിന് മുന്നിലായി സിസി ടിവി കാമറ, വാതിലിന് എളുപ്പത്തില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന പൂട്ടുകള്‍, വിന്‍ഡോ ലോക്കുകള്‍ എന്നിവയും പ്രായമായവരുടെ മുറികളില്‍ ഒരുക്കാം.
6. ധാരാളം വെളിച്ചവും വായുവും ലഭിക്കുന്ന വിധം വലിയ ജനാലകളും വെന്റിലേഷനും നല്‍കാം. വീടിന് ഓപ്പണ്‍ സ്‌പേസുകള്‍ നല്‍കാം. പ്രായമായവര്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് വീടിനുള്ളിലാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
7.വാം ലൈറ്റുകള്‍ നല്‍കരുത്. കൂള്‍ ലൈറ്റുകളാണ് പ്രായമായവരുടെ വീടുകള്‍ക്ക് യോജിച്ചത്. വീടിന് നിറം നല്‍കുമ്പോഴും കൂള്‍ ഫീല്‍ നല്‍കുന്ന പെയിന്റുകള്‍ തിരഞ്ഞെടുക്കാം. ബ്ലൂ, പിസ്തഗ്രീന്‍, ആഷ്, വൈറ്റ് തുടങ്ങിയ നിറങ്ങള്‍ പരീക്ഷിക്കാം.
8. വീടിനുള്ളില്‍ പല ലെവലുകള്‍ പണിയുന്നത് ഒഴിവാക്കി ഒറ്റനിരപ്പില്‍ പണിയുന്നതാണ് നല്ലത്. കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് ഒഴിവാക്കാം. ഭിത്തിയില്‍ കൈപിടിച്ച് നടക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അത്തരത്തില്‍ മുറിയിലെ ഫര്‍ണിച്ചറുകളും സ്വിച്ച് ബോര്‍ഡും എല്ലാം അറേഞ്ച് ചെയ്യാം.
9. കട്ടിലിന്റെ ഉയരം ഒരുപാട് കൂടാനോ തീരെ താഴെയാവാനോ പാടില്ല. കട്ടിലില്‍ നിന്ന് പിടിച്ചെഴുന്നേല്‍ക്കാനുള്ള സൈഡ് ബീഡിങ് വച്ചു നല്‍കാം. ചെയറുകള്‍ ഹാന്‍ഡ് റെസ്റ്റും ബായ്ക്ക് റെസ്റ്റും ഉള്ളവ വേണം നല്‍കാന്‍.
10. അടുക്കളയിലും ചെസ്റ്റ് ഡ്രോയറുകള്‍ നല്‍കണം. അതുപോലെ എല്ലാ സാധനങ്ങളും കൈയെത്തുന്ന ദൂരത്ത് എടുക്കാന്‍ കഴിയുന്നതുപോലെ വേണം ക്രമീകരിക്കാന്‍. ഡ്രോയറുകള്‍ക്ക് വാതിലുകള്‍ ഒഴിവാക്കി പകരം പുള്‍ ഔട്ടുകളാണ് നല്ലത്.
11. സ്റ്റൗവും സിങ്കും എല്ലാം ഒരേനിരയില്‍ അടുത്ത് അടുത്ത് നല്‍കുന്നതാണ് ഉത്തമം. ഐലന്‍ഡ് കൗണ്ടറുകള്‍ പോലുള്ളവ ഒഴിവാക്കി അടുക്കളയിലും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാം. അടുക്കളയില്‍ നല്ല വെളിച്ചം ലഭിക്കുന്ന വിധം ബ്രൈറ്റ് ലൈറ്റുകള്‍ ഘടിപ്പിക്കാം. അടുക്കളയിലും കൂള്‍ കളറുകള്‍ നല്‍കാം.
12. വീടിനുള്ളില്‍ സ്വിച്ചുകള്‍ നല്‍കുമ്പോള്‍ വലിയ സ്വിച്ചുകള്‍ നല്‍കാം. പെട്ടെന്ന് കാണാനും മനസ്സിലാക്കാനും വലിയ സ്വിച്ചുകളാണ് നല്ലത്. വിപണിയില്‍ ഓള്‍ഡ് ഏയ്ജ് ഫ്രണ്ടിലി സ്വിച്ചുകള്‍ ലഭിക്കും.
വി. നാരായണന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍
വലിയ തുകമുടക്കി നില്‍ക്കാന്‍ കഴിയുന്ന കെയര്‍ ഹോമുകളില്‍ സാധാരണ ജീവിതം പോലെ തന്നെ മുന്നോട്ട് പോകാമെങ്കിലും നമ്മുടെ നാട്ടില്‍ നിലവിലുള്ള ഓള്‍ഡ് ഏയ്ജ് ഹോമുകളുടെ അവസ്ഥ അതല്ല. ഞാന്‍ കുറച്ച് കാലം അത്തരം ഒരു സ്ഥലത്ത് താമസിച്ചിരുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ചവരായിരുന്നു കുറച്ചുപേര്‍. കൂടുതല്‍ പേരും തനിയെ വന്നവര്‍. അവരെല്ലാം തന്നെ ഇനി മരണമേയുള്ളൂ എന്ന മട്ടില്‍ വന്നവരാണ്. ഇനി തിരിച്ചുപോക്കില്ല എന്ന് കരുതുന്നവരാണ് ഏറെ. പക്ഷേ എന്നിട്ടുപോലും ഈ ആളുകള്‍ തമ്മിലുള്ളത് വളരെ മോശമായ ബന്ധമായിരുന്നു, പരസ്പരം കുറ്റം പറഞ്ഞ്, വഴക്കുണ്ടാക്കി... എന്തിനാണ് ഇങ്ങനെ എന്ന് നമ്മള്‍ ചിന്തിച്ചു പോകും. പരസ്പര ബഹുമാനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നതേയില്ല. സൗകര്യങ്ങളും വളരെ കുറവായിരുന്നു. പക്ഷേ വിദേശത്തും മറ്റും ഉള്ളതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള എല്‍ഡര്‍ കെയര്‍ സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും വരണം. കാരണം ഇപ്പോഴത്തെ തലമുറയെ കുറ്റം പറയാനാവില്ല. അവരുടെ ജീവിതം അങ്ങനെയാണ്.
കടപ്പാട്: മുജീബ് റഹ്‌മാന്‍, മെഡോബ്രൗണ്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍, കോഴിക്കോട്
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: home design for old age people, kerala home design
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..