വൃത്തിയുള്ള വീടാണ് ആരോഗ്യമുള്ള അംഗങ്ങളെ സൃഷ്ടിക്കുക. ഒരു വീട് വൃത്തിയായിരിക്കാന്‍ ആ വീട്ടിലെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മതിയാകില്ല. അതിന് വീട്ടിലെ എല്ലാവര്‍ക്കും പങ്കുണ്ട്. ചിലര്‍ക്ക് വീടു വൃത്തിയാക്കല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം അധികം അഴുക്ക് പുരളാതെ വീടിനെ കാക്കാന്‍ കഴിയും. 

1. പാദരക്ഷകള്‍ പടിക്കു പുറത്ത്

നമ്മള്‍ പുറത്തുനിന്ന് വന്ന് വീടിനുള്ളിലേക്ക് കയറുന്നതിനു മുമ്പേ വൃത്തിയുടെ ശീലം തുടങ്ങണം. ആദ്യപടിയായി പുറത്തുപയോഗിക്കുന്ന ചെരുപ്പ് നമുക്ക് പ്രധാന വാതിലിന്റെ പുറത്ത് വെക്കാം. ഒരു ഷൂവില്‍ ഏകദേശം 4,21,000 ബാക്ടീരിയകളുണ്ടാകാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയിസെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പുറത്തുനിന്നുള്ള പല വസ്തുക്കളും നമ്മുടെ ചെരിപ്പിനടിയില്‍ പറ്റിപിടിച്ച് ഇരിപ്പുണ്ടാകും. 

2. വോഡ്ക ഒന്നാന്തരമൊരു അണുനാശിനി 

പലപ്പോഴും വീട് വൃത്തിയാക്കുന്നതിന് പരസ്യങ്ങള്‍ കണ്ട്  വലിയ വില കൊടുത്ത് അണുനാശിനികള്‍ വാങ്ങുകയാണ് പതിവ്. വോഡ്ക ഒന്നാന്തരം അണുനാശിനിയാണ്. കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വോഡ്കയിരുപ്പുണ്ടെങ്കില്‍ അതില്‍ തുല്യഅളവില്‍ വെള്ളം കൂടി ചേര്‍ത്ത് നിത്യേന ഉപയോഗിക്കുന്ന തോര്‍ത്തിലും ജിമ്മില്‍ കൊണ്ടുപോകുന്ന തുണികളിലൊക്കെ സ്പ്രേചെയ്താല്‍ പുതുമ വീണ്ടുകിട്ടും.

3. ജനലുകള്‍ തുറന്നിടുക

അടഞ്ഞുകിടക്കുന്ന വീടിനുള്ളിലെ വായു പുറത്തെ വായുവിനെക്കാള്‍ രണ്ടുമുതല്‍ അഞ്ചുമടങ്ങുവരെ അണുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറച്ച് സമയം ജനലുകള്‍ തുറന്നിടാം. റൂമിനുള്ളില്‍ കുടുങ്ങി കിടക്കുന്ന വായുവിനെ പുറന്തള്ളി ശുദ്ധവായുവിനെ സ്വാഗതം ചെയ്യാം.

4. ഉപ്പ് 

കറപിടിച്ചു കിടക്കുന്ന സ്റ്റൗവിന്റെ മുകളില്‍ കുറച്ച് ഉപ്പം ബേക്കിങ് സോഡയും വിതറിയശേഷം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക. ഇതേ കൂട്ട് ഇരുമ്പ് പാനിലും പ്രയോഗിക്കാം. കുറച്ച് വെള്ളമോ എണ്ണയോ ചേര്‍ത്ത് പാന്‍ കഴുകിയെടുക്കാം. ചെമ്പുപാത്രമാണെങ്കില്‍ ഉപ്പ് പൊടി ഇടുന്നതിനുമുമ്പ് കുറച്ച് വിനാഗിരി പുരട്ടാം. അതിനുശേഷം നന്നായി കഴുകിയെടുക്കാം. പാത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നത് കാണാം. 

Content highlights:  get a healthy home by simple method