റിക്ടര്‍ സ്കെയില്‍ 8.5 തീവ്രതയുള്ള ഭൂകമ്പത്തെ പോലും ചെറുക്കാന്‍ ശേഷിയുള്ളതാണ് മുകേഷ് അംബാനി മുംബൈയില്‍ പണിത ആന്റിലിയയെന്ന 27 നിലകളിലുള്ള വസതി. പക്ഷേ കഴിഞ്ഞ ആഴ്ച്ച ആന്റിലിയയില്‍ തീപ്പിടിത്തമുണ്ടായത് വന്‍ വാര്‍ത്തയായിരുന്നു.
ബക്കിങ്ങ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബര സ്വകാര്യ വസതിയാണ് ആന്റിലിയ. പക്ഷേ ലോകത്തിലെ തന്നെ ആധുനികമായ എല്ലാ സുരക്ഷാസംവിധാനങ്ങളെല്ലാം ഒരുക്കി നിര്‍മിച്ച ആന്റിലിയക്ക് പോലും തീപിടുത്തത്തില്നിന്നു രക്ഷയില്ലെങ്കില്‍ പിന്നെ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിര്‍മിക്കുന്ന നമ്മുടെ കെട്ടിടങ്ങളുടെ അവസ്ഥ എന്താകും എന്ന ചോദ്യം പ്രസക്തമാണ്.
ആന്റിലിയയ്ക്ക് മാത്രമല്ല ഏതു കെട്ടിടത്തിനും എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം.
ശ്രദ്ധിക്കുക
ഫ്ളാറ്റുകള്‍ അടക്കമുള്ള കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായി അപകടങ്ങള്‍ സംഭവിക്കുന്നത് സര്‍വസാധാരണമാണ്. ഓരോ അപ്പാര്‍ട്ട്മെന്റിനും തീപ്പിടിത്ത സാധ്യതകള്‍ ഉള്ളതുപോലെ തന്നെ അപ്പാര്‍ട്ട്മെന്റിന് മൊത്തത്തിലും തീപ്പിടിത്ത സാധ്യതകളുണ്ട്. അത് പമ്പിങ് മുറിയിലോ പ്രധാന സ്വിച്ച് ബോര്‍ഡിലോ മറ്റോ ഉണ്ടാകുന്ന തീപ്പിടിത്തം മൂലമാകാം.
ജനറേറ്ററില്‍ നിന്ന് താനേ ഉണ്ടാകുന്ന തീ, ബാര്‍ബിക്യു, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയില്‍ കൂടി ഉണ്ടാകാനിടയുള്ള അഗ്നിബാധ മൊത്തത്തില്‍ താമസക്കാരെ ബാധിക്കാനിടയുണ്ട്. ഇത് സംഭവിക്കുന്നത് ഓരോ അപ്പാര്‍ട്ട്മെന്റുകളുടെയും നിയന്ത്രണത്തിലല്ല. അതിനാല്‍ തന്നെ മുന്നറിയിപ്പില്ലാതെ സംഭവിക്കാം. അതിനാല്‍ ആദ്യം തന്നെ അപായ സൂചന നല്‍കുന്നതിനും അതനുസരിച്ച് പ്രതികരിക്കുന്നതിനുമുള്ള സംവിധാനം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്.
എല്ലാ നിലയിലും അഗ്നിശമന സംവിധാനം ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ താമസക്കാര്‍ക്കും പരിശീലനം നല്‍കണം. തീപ്പിടിത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റുകള്‍ക്ക് മുന്നില്‍ തടസ്സമില്ലാതിരിക്കുകയും അത് എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്നതുമായിരിക്കണം. തീപ്പിടിത്തമുണ്ടായാല്‍ എല്ലാ താമസക്കാരെയും പെട്ടെന്ന് അറിയിക്കാന്‍ കഴിയുന്ന സംവിധാനവും ഉണ്ടായിരിക്കണം.
തീപ്പിടിത്തമുണ്ടായാല്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് എല്ലാവര്ക്കും ധാരണയുണ്ടായിരിക്കണം. ഇത് അപ്പാര്‍ട്ട്മെന്റില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവരടക്കമുള്ള ജീവനക്കാര്‍ക്കും ബാധകമാണ്.
ആന്റിലയുടെ ഒന്‍പതാം നിലയിലുള്ള വെര്‍ട്ടിക്കല്‍ പൂന്തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തം ആറോളം യൂണിറ്റ് അഗ്നിശമനവാഹനങ്ങളുടെ സഹായത്തോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. ആര്‍ക്കും ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. തീപിടിത്തമുണ്ടായപ്പോള്‍ അംബാനിയും കുടുംബാംഗങ്ങളും ആന്റിലിയയില്‍ ഉണ്ടായിരുന്നില്ല. ജോലിക്കാരടക്കം 600 പേരാണ് ആന്റിലിയയിലെ താമസക്കാര്‍. തീപിടുത്തമുണ്ടായ ഉടനെ തന്നെ ആന്റിലിയലിലേക്കുള്ള എല്ലാ വൈദ്യുതി ബന്ധങ്ങളും വിശ്ചേദിച്ചു ഇതുകൊണ്ട് തന്നെ വെറും പത്ത് മിനിട്ടിനുള്ളില്‍ തീ കെടുത്താനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..