പ്രതീകാത്മക ചിത്രം | Photo: Getty Images
രോഗാണുക്കള്‍ വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ ഏറെ സാധ്യതയുള്ള ഇടമാണ് കുളിമുറിയും ടോയ്ലറ്റും. അതിനാല്‍ അവ വൃത്തിയായി സൂക്ഷിക്കുക എന്നത് ആരോഗ്യപരമായും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുളിമുറിയുടെ തറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ടൈലുകള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്കും രോഗാണുക്കള്‍ക്ക് വളരാനുള്ള ഇടമാണ്. ടൈലുകള്‍ക്കിടയിലെ അഴുക്ക് വൃത്തിയാക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ചൂടുവെള്ളം സ്പ്രേ
ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് ചൂടുവെള്ളം സ്പ്രേ. ടൈലിന്റെ മുകളില്‍ ചൂടുവെള്ളം നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകള്‍ക്കിടയില്‍ ഉരച്ച് കഴുകാം. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
ചൂടുവെള്ളത്തിന് പകരം സ്റ്റീം ക്ലീനേഴ്സും ഉപയോഗിക്കാം. ഏറെ ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണിത്. ചൂടുള്ള ആവി ടൈലുകള്‍ക്കിടയിലെ അഴുക്കുള്ള ഭാഗത്ത് പതിപ്പിക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
വിനാഗിരിയും വെള്ളവും
തുല്യ അളവില്‍ വെള്ളവും വിനാഗിരിയും എടുത്തശേഷം തറയില്‍ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കാം. കുറഞ്ഞത് അഞ്ച് മിനിറ്റ് നേരത്തേക്ക് കാത്തിരിക്കാം. ഇതിനുശേഷം കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം.
ശ്രദ്ധിക്കുക: വിനാഗിരിയില്‍ വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അസിഡിക് സ്വഭാവമാണ് വിനാഗിരിക്ക് ഉള്ളത്. ഇത് നേരിട്ട് ഉപയോഗിക്കുന്നത് ടൈലിന് കേടുപാടുകള്‍ വരുത്തിയേക്കാം.
ബേക്കിങ് സോഡയും വിനാഗിരിയും
ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് കാലങ്ങളായി പ്രയോഗിച്ച് വരുന്ന മാര്‍ഗമാണിത്. സ്വല്പം വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് ടൈലുകള്‍ക്കിടയില്‍ തേച്ച് പിടിപ്പിക്കാം. ഇതിലേക്ക് ചെറുചൂടുവെള്ളത്തില്‍ അതേ അളവില്‍ വിനാഗിരി ചേര്‍ത്തവെള്ളം സ്പ്രേ ചെയ്ത് കൊടുക്കാം. ബേക്കിങ് സോഡയും വിനാഗിരിയും തമ്മില്‍ രാസപ്രവര്‍ത്തനം നടന്ന് കട്ടികൂടിയ പത ഉണ്ടാകും. കുറച്ച് സമയം കാത്തിരുന്നാല്‍ ഈ പതയുടെ കട്ടികുറഞ്ഞ് വരുന്നത് കാണാം. അപ്പോള്‍ ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയെടുക്കാം.
വിനാഗിരിയില്‍ ബേക്കിങ് സോഡ കൂട്ടിച്ചേര്ത്തുണ്ടാകുന്ന കട്ടികൂടിയ കൂട്ട് തേച്ചുപിടിപ്പിച്ചും ഇപ്രകാരം അഴുക്ക് വൃത്തിയാക്കാന്‍ കഴിയും.
ഹൈഡ്രജന്‍ പെറോക്സൈഡ്
ടൈലുകള്‍ക്കിടയില്‍ അഴുക്ക് കട്ടിപിടിച്ച് നില്‍ക്കുന്നിടത്ത് ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് കൊടുക്കാം. ശേഷം ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
ടോയ്ലറ്റിന്റെ തറ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച വിനാഗിരി ഉപയോഗിച്ച് കഴുകുന്നത് വൃത്തിയോടെ ഇരിക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ ടൈലുകള്‍ക്കിടയില്‍ സീല്‍ ചെയ്യുന്നത് ഇവിടം വൃത്തിയായി ഇരിക്കാന്‍ സഹായിക്കുന്നതിന് പുറമെ കുഴികളും മറ്റും ഉണ്ടായി ടൈല്‍ നശിച്ചുപോകാതെയും കാക്കും.
Content Highlights: toilet cleaning, bathroom cleaning, easy way to clean toilet, myhome, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..