പ്രതീകാത്മക ചിത്രം | Photo: canva.com/
വീട്ടില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്ന ഇടമാണ് അടുക്കള. സന്തോഷകരമായ വീട്ടിലെ അന്തരീക്ഷത്തിന് സന്തോഷകരമായ അടുക്കള അത്യാവശ്യമാണ്. ഇന്ന് വീട് പണിയുമ്പോള്‍ കൂടുതല്‍ പ്രധാന്യത്തോടെ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ഇടം കൂടിയാണത്. എന്നിരുന്നാലും, സ്ഥലപരിമിതിയും ബഡ്ജറ്റിലെ കുറവും വിശാലമായ അടുക്കള നിര്‍മിക്കുന്നതിന് തടസ്സമായേക്കാം. എന്നാല്‍, കൃത്യമായ ആസൂത്രണത്തിലൂടെ ചെറിയ അടുക്കളയും വിശാലമായി തോന്നിപ്പിക്കാം. അതിനുള്ള എളുപ്പവഴികള്‍ പരിചയപ്പെടാം.
ഉപയോഗമില്ലാത്ത സാധനങ്ങള്‍ എടുത്ത് മാറ്റാം
പഴയ പാത്രങ്ങള്‍, ബോട്ടിലുകള്‍ തുടങ്ങി ഉപയോഗം കഴിഞ്ഞ ഒട്ടേറെ വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അവ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാം. പൊട്ടിയ പാത്രങ്ങളുടെ കഷ്ണങ്ങളോ ഗ്ലാസുകളോ ഒക്കെയുണ്ടെങ്കിലും അവ വേഗത്തില്‍ മാറ്റാം. ഇവ സമയബന്ധിതമായി നീക്കുന്നതിലൂടെ സ്ഥലം ലാഭിക്കാന്‍ കഴിയും. ഒപ്പം അടുക്കളയ്ക്ക് അടുക്കും ചിട്ടയുമുണ്ടാകുകയും ചെയ്യും.
കാബിനുകള്‍
അടുക്കള വൃത്തിയോടെ ഇരിക്കുന്നതിന് തുറന്ന ഷെല്‍ഫുകള്‍ക്ക് പകരം അടഞ്ഞ കാബിനുകള്‍ തിരഞ്ഞെടുക്കാം. ഇത് സ്ഥലം ലാഭിക്കുന്നതിന് ഉപകരിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ അടുക്കളയില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ അധിക ഷെല്‍ഫുകള്‍ നല്‍കുകയുമാകാം.
Also Read
കൗണ്ടറുകള്‍ വൃത്തിയാക്കി വയ്ക്കാം
ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സമയബന്ധിതമായി കഴുകി വൃത്തിയാക്കി വയ്ക്കാം. പച്ചക്കറികള്‍ അരിഞ്ഞതിന്റെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങളും കൃത്യമായി വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കാം.
അടുക്കള ഉപകരണങ്ങള്‍ക്ക് പ്രത്യേക ഇടം
കത്തിപോലുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അടുക്കളയില്‍ കാന്തം പിടിപ്പിക്കാം. എളുപ്പത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. ഗ്ലാസുകള്‍, സോസറുകള്‍, സ്‌റ്റേറേജ് ജാറുകള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതിന് പെഗ്‌ബോര്‍ഡുകള്‍ ചുമരില്‍ ഘടിപ്പിക്കാം.
തരംതിരിക്കാം
ഗ്ലാസുകള്‍, പാത്രങ്ങള്‍, കപ്പുകള്‍, ബൗളുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് പ്രത്യേകം കാബിനുകള്‍ നല്‍കാം. എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനും സമയം ലാഭിക്കുന്നതിനും ഇത് ഏറെ സഹായിക്കും.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക കാബിനറ്റ് നല്‍കാം.
ഒരുപോലെയുള്ള പാത്രങ്ങളില്‍ അടുക്കളയിലേക്കുള്ള പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ സുതാര്യമായ പാത്രങ്ങള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍, പാത്രങ്ങളുടെ പുറത്ത് അവയുടെ പേരെഴുതി ഒട്ടിച്ചുവയ്ക്കുന്നത് സമയം ലാഭിക്കാനും സാധനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും സഹായിക്കും.
കൂടുതലുപയോഗിക്കുന്ന സാധനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ കഴിയുന്ന വിധത്തില്‍ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് പച്ചക്കറി അരിയാനുപയോഗിക്കുന്ന കത്തി, വെളിച്ചെണ്ണ, മസാലപ്പൊടികള്‍ തുടങ്ങിയവയെല്ലാം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധം ക്രമീകരിക്കാം.
വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും മുകളിലെ കാബിനില്‍ സൂക്ഷിക്കാം.
അടുക്കളയിലെ മേശവിരി, മാറ്റുകള്‍ തുടങ്ങിയവ പ്രത്യേകം കാബിനുകളില്‍ സൂക്ഷിക്കാം.
Content Highlights: easy and effective ways to organize a small kitchen, kitchen tips, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..