ഹോട്ടലുകളിലും മറ്റും കാണുന്ന രീതിയില്‍ ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്‌റൂമില്‍ വെക്കുന്നവരുണ്ട്. എന്നാല്‍ ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്‌റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധരുടെ വാദം. 

ബാത്‌റൂം അണുക്കളുടെ വിശാല ലോകമാണ്. ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോഴും അണുക്കളുടെ സൂക്ഷ്മ കണികകള്‍ ആറടി വരെ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. മിതമായി ഫ്‌ളഷ് ചെയ്യുന്ന ടോയ്‌ലറ്റ് ആയാലും ഒന്നരയടിയോളം അണുക്കള്‍ നീങ്ങും. ഇത്തരം ബാക്ടീരിയകളും വൈറസുമൊക്കെ  ബാത്‌റൂമിലിരിക്കുന്ന ടവ്വലുകളില്‍ ദിവസങ്ങളും മാസങ്ങളും സജീവമായുണ്ടാകുമെന്ന് അരിസോണ സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജിസ്റ്റായ കെല്ലി റെയ്‌നോള്‍ഡ്‌സ് പറയുന്നു. 

ഈ ബാത്ടവ്വലുകള്‍ കൊണ്ട് കയ്യും മുഖവും ശരീരവുമൊക്കെ തുടക്കുമ്പോള്‍ അണുക്കള്‍ക്ക് എളുപ്പം ശരീരത്തില്‍ കയറിക്കൂടാനുള്ള അവസരമാണ് ഒരുക്കുന്നത്. ബാത് ടവ്വലുകള്‍ ബാത്‌റൂമിനു പുറത്തോ അല്ലെങ്കില്‍ വൃത്തിയായി ഉണക്കി അലമാരയില്‍ വെക്കുന്നതോ ആണ് ഉചിതമെന്നും കെല്ലി പറയുന്നു. 

ഇതിനെ വെറും ശാസ്ത്രീയമായ കണ്ടുപിടുത്തം എന്ന് അവഗണിക്കേണ്ടതില്ലെന്നും പല ഹോട്ടലുകളില്‍ നിന്നും ഇത്തരം അനുഭവങ്ങളുമായെത്തുന്ന രോഗികളെ കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു.

Content Highlights: do not store bath towels in bathroom