സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിലും മുന്നിലാണ് ഒലീവ് ഓയിലിന്റെ സ്ഥാനം. എന്നാല്‍ ഇതു മാത്രമല്ല വീട്ടിലെ മിക്കയിടങ്ങളും വൃത്തിയാക്കാന്‍ മികച്ചൊരു ഉപാധി കൂടിയാണിത്. ഒലീവ് ഓയില്‍ കൊണ്ടുള്ള അഞ്ച് ക്ലീനിങ് ടിപ്‌സ് ആണ് താഴെ നല്‍കിയിരിക്കുന്നത്. 

ഫര്‍ണിച്ചറുകള്‍

ഫര്‍ണിച്ചറുകള്‍ പോളിഷ് ചെയ്യാന്‍ മികച്ചതാണ് ഒലീവ് ഓയില്‍. അതിനായി രണ്ടു സ്പൂണ്‍ ഒലീവ് ഓയിലില്‍ ഒരു സ്പൂണ്‍ നാരങ്ങാ നീരോ വിനാഗിരിയോ മിക്‌സ് ചെയ്യുക. ഇനി ഫര്‍ണിച്ചറിലെ വുഡന്‍ ഭാഗത്തേക്ക് ഇതു കട്ടിയായി സ്‌പ്രേ ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷം തുണി ഉപയോഗിച്ച് നീക്കം ചെയ്യാം.

ലെതര്‍ സോഫകള്‍

ലെതര്‍ കൊണ്ടുള്ള സോഫയും ചെയറുകളും വൃത്തിയാക്കാനും ഒലീവ് ഓയില്‍ ഉപയോഗിക്കാം. വൃത്തിയുള്ള നനവില്ലാത്ത മൃദുലമായ തുണിയില്‍ അല്‍പം ഒലീവ് ഓയിലെടുത്ത് ലെതര്‍ ഫര്‍ണിച്ചറുകളില്‍ തുണി കൊണ്ട് തുടയ്ക്കാം. ചെറിയ അളവില്‍ ലെതറില്‍ മാത്രമേ ഇത്തരത്തില്‍ ഉപയോഗിക്കാവൂ.

ടൈല്‍, ഹാര്‍ഡ് വുഡ് ഫ്‌ളോര്‍

നിലം നന്നായി അടിച്ചു വാരിയതിനു ശേഷം അവിടവിടെയായി ചെളി കട്ടപിടിച്ചതു കാണുന്നുണ്ടെങ്കില്‍ അവിടം വൃത്തിയാക്കാനും ഒലീവ് ഓയില്‍ മതി. ഏതാനും തുള്ളി ഒലീവ് ഓയിലും നാരങ്ങാ നീരും ചേര്‍ത്ത് ഈ ഭാഗം തുടയ്ക്കാം. നാരങ്ങാനീരും ഒലീവ് ഓയിലും ചേര്‍ക്കുന്നത് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. 

കിച്ചണ്‍ കാബിനറ്റുകള്‍

കിച്ചണ്‍ കാബിനറ്റിലെ കറകള്‍ നീക്കം ചെയ്യാന്‍ നനവില്ലാത്ത തുണിയില്‍ ഏതാനും തുള്ളി ഒലീവ് ഓയില്‍ ചേര്‍ത്ത് പോളിഷ് ചെയ്താല്‍ മതിയാകും. 

സ്റ്റീല്‍ പാത്രങ്ങള്‍

സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ഇനിമുതല്‍ ഒരുതുള്ളി ഒലീവ് ഓയിലും ചേര്‍ത്തു നോക്കൂ, പാത്രം വെട്ടിത്തിളങ്ങുന്നതു കാണാം.

Content Highlights: cleaning tips with olive oil home cleaning tips