വീടിനുള്ളില്‍ അതിശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളാണ് കുഷ്യനുകളും കര്‍ട്ടനുകളും. നാളുകളോളം വൃത്തിയാക്കാതിരിക്കുന്നതുമൂലം അവയില്‍ അഴുക്ക് അടിഞ്ഞുകൂടുക മാത്രമല്ല, വേഗത്തില്‍ നശിക്കാനും കാരണമാകും. ചെറിയ കുട്ടികളും വീടിനുള്ളില്‍ വളര്‍ത്തുന്ന മൃഗങ്ങളും ഉണ്ടെങ്കില്‍ ഇവയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഷ്യനുകളും കര്‍ട്ടനുകളും മനോഹരമായി വളരെക്കാലം സൂക്ഷിക്കാന്‍ കഴിയും. 

ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം

കുഷ്യനുകളും കര്‍ട്ടനുകളും പതിവായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കുഷ്യനുകളുടെ മുകള്‍ വശവും അടിഭാഗവും വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. ഇപ്രകാരം ചെയ്യുമ്പോള്‍ ഇളകിപ്പോയ നൂലുകളും ബട്ടനുകളും ഉണ്ടോയെന്ന് പരിശോധിക്കണം. വാക്വം ക്ലീനറിന്റെ വായ് ഭാഗത്ത് മൃദുമായ ബ്രഷ് പിടിപ്പിക്കുന്നത് ഉചിതമായിരിക്കും. കുഷ്യനുകളുടെ മൂലകളും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഓരോ തുണികള്‍ക്കും അതിന് യോജിച്ച ക്ലീനറുകള്‍ വേണം തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ അവ വേഗം നശിച്ചുപോകാന്‍ സാധ്യതയുണ്ട്. 

സോഫയുടെ കൈകളില്‍ ഇരിക്കരുത്

സോഫയുടെയും കസേരകളുടെയും കൈകളില്‍ ഇരിക്കുന്നത് നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് അവ വേഗത്തില്‍ നശിക്കാന്‍ കാരണമാകും. സോഫയുടെ കൈകളില്‍ ഇരിക്കരുതെന്ന് കുട്ടികളോട് പ്രത്യേകം പറയണം. അതുപോലെ, ചില കുട്ടികള്‍ സോഫയുടെ മുകളില്‍ കയറി ചാടി കളിക്കാറുണ്ട്. ഇതും പ്രോത്സാഹിപ്പിക്കരുത്. കുഷ്യനുകളുടെയഥാര്‍ത്ഥ രൂപത്തിന് മോശം വരാന്‍ ഇത് കാരണമാകും. 

സൂര്യപ്രകാശം അടിക്കാതെ സൂക്ഷിക്കാം

വീട്ടിലെ കുഷ്യനുകളും ഫര്‍ണിച്ചറുകളും സൂര്യപ്രകാശം നേരിട്ട് അടിക്കാതെ സൂക്ഷിക്കണം. സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് അവയുടെ നിറം മങ്ങാന്‍ കാരണമാകും. നേരിട്ട് സൂര്യപ്രകാശം പതിക്കാതെ സൂക്ഷിക്കാന്‍ കര്‍ട്ടനുകളിടുകയോ മറ്റോ ചെയ്യാം.

മണ്ണും അഴുക്കും നീക്കം ചെയ്യുന്നത് സോയില്‍ റിറ്റാര്‍ഡന്റ്

ഫര്‍ണിച്ചറുകള്‍ നശിച്ചുപോകാതിരിക്കാന്‍ സോയില്‍ റിറ്റാര്‍ഡന്റ്(സിലിക്കേറ്റ് അടങ്ങിയ ഉത്പന്നം) ഉപയോഗിച്ച് വൃത്തിയാക്കാം. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഈ മേഖലയില്‍ പരിചയസമ്പത്തുള്ളവരുടെ സഹായം തേടാം. 

സ്ലിപ് കവര്‍ ഉപയോഗിക്കാം

അംഗബലം കൂടുതലുള്ള വീടുകളില്‍ സോഫയുടെ മുകളില്‍ സ്ലിപ് കവര്‍ ഇടുന്നത് ഉചിതമായിരിക്കും. ആഴ്ചയിലൊരിക്കല്‍ ഇവ അഴിച്ച് കഴുകുകയും ചെയ്യാം.

ആഘോഷവേളകളില്‍ വേണം കരുതല്‍

വീട്ടില്‍ പിറന്നാള്‍ ആഘോഷമോ കല്യാണമോ മറ്റോ ഉണ്ടെങ്കില്‍ കുഷ്യനുകള്‍ക്കും കര്‍ട്ടനുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. സീറ്റ് കുഷ്യനുകളുടെ അടിയില്‍ പേപ്പര്‍ ടൗവ്വലുകളോ ചെറിയ ടെറി ടൗവ്വലുകളോ വയ്ക്കാം. കുഷ്യനുകളില്‍ എന്തെങ്കിലും വീഴുകയോ വെള്ളം മറിയുകയോ ചെയ്താല്‍ വേഗത്തില്‍ അത് നീക്കം ചെയ്യുന്നതിനാണിത്. L ഷേപ്പില്‍ സോഫ ക്രമീകരിക്കുന്നത് കൂടുതല്‍ സ്ഥലം കിട്ടുന്നത് സഹായിക്കും. 

Content highlights: cleaning method, kushions and curtains at home