photo|instagram.com/ancientcookware/
അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എത്ര നോണ്‍സ്റ്റിക്ക് പാത്രങ്ങളുണ്ടായാലും മീന്‍ കറി വെക്കാന്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് മണ്‍ചട്ടി തന്നെയാണ്. മണ്‍പാത്രങ്ങളില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പ്രത്യേക സ്വാദും ലഭിക്കുമെന്നത് സത്യമാണ്. മണ്‍ചട്ടിയിലുണ്ടാക്കുന്ന ഭക്ഷണം വേഗത്തില്‍ കേടുവരികയില്ല.
എന്നാല്‍ സ്ഥിരമായി ഈ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ എണ്ണമയമെല്ലാം പിടിച്ച് അടിഭാഗം വൃത്തികേടായി പോകാറുണ്ട്. ഇത്തരത്തിലുള്ള പാത്രങ്ങള്‍ എളുപ്പത്തില്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്. എങ്ങനെയാണ് മണ്‍ചട്ടി വൃത്തിയാക്കുന്നതെന്ന് അറിഞ്ഞിരിക്കാം.
മണ്‍ചട്ടി വൃത്തിയാക്കാന്‍ ഒരിക്കലും സോപ്പ് ഉപയോഗിക്കരുത്. സോപ്പിന്റെ അംശം അത്രപെട്ടെന്ന് മണ്‍ചട്ടിയില്‍ നിന്നും പോവുകയില്ല, അതിന്റെ മണം ഇതില്‍ പറ്റി പിടിച്ച് നില്‍ക്കുകയും ചെയ്യും. മുന്‍ കാലങ്ങളില്‍ മണ്‍ചട്ടിയെല്ലാം ചാരം ഉപയോഗിച്ചാണ് വൃത്തിയാക്കിയിരുന്നത്. ഇത് ചട്ടി വൃത്തിയാക്കുന്നതില്‍ വളരെ സഹായകരവുമായിരുന്നു.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ചട്ടി വൃത്തിയാക്കാനായി മെറ്റല്‍ സ്‌ക്രബര്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത്. എപ്പോഴും നല്ല സോഫ്റ്റായിട്ടുള്ള ഒരു സ്‌ക്രബര്‍ വേണം ഉപയോഗിക്കാന്‍. ചട്ടിയില്‍ കുറച്ച് വെള്ളം ഒഴിച്ച് ഇതിലേയ്ക്ക് കുറച്ച് സോഡ പൊടി കലര്‍ത്തി അടുപ്പത്ത് വെക്കണം.
ഇതിലേയ്ക്ക് ചെറുനാരങ്ങയുടെ തൊണ്ട്, അല്ലെങ്കില്‍ ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതോ ചേര്‍ത്ത് നന്നായി തിളപ്പിച്ച് എടുക്കാം.വെള്ളം നന്നായി തിളച്ചതിന് ശേഷം വെള്ളം കളഞ്ഞ് വെക്കണം. ചട്ടിയുടെ ചൂട് കുറഞ്ഞതിന് ശേഷം ഇതിലേയ്ക്ക് കുറച്ച് കടലപ്പൊടി ഇട്ട് നന്നായി കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താല്‍ ചട്ടി നല്ലരീതിയില്‍ വൃത്തിയാകും.
മണ്‍ചട്ടിയില്‍ ഈര്‍പ്പം നില്‍ക്കുന്നത് മൂലം അതില്‍ പൂപ്പല്‍ പിടിക്കാനും സാധ്യത കൂടുതലാണ്. ഇത് തടയാന്‍ വൃത്തിയാക്കിയതിന് ശേഷം വെയിലത്ത് വെച്ച് മണ്‍പാത്രങ്ങള്‍ ഉണക്കുന്നത് ഗുണം ചെയ്യും. ഉണങ്ങിയതിന് ശേഷം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. മാസത്തില്‍ ഒരുതവണയെങ്കിലും നിര്‍ബന്ധമായും ഇങ്ങനെ ചെയ്തിരിക്കണം,
Content Highlights: clay cookware, cooking, kitchen tips,tips,home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..