കൊറോണ വൈറസ് പടർന്നതോടെ പലരും വ്യക്തി ശുചിത്വത്തിനു കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിയിട്ടുണ്ട്. പുറത്തുപോയി വന്നാലും പച്ചക്കറിക്കളും സാധനങ്ങളും വാങ്ങിയാലുമൊക്കെ തങ്ങളെക്കൊണ്ടാവും വിധം ശുചിയാക്കാൻ ശ്രമിക്കാറുണ്ട്. വീട്ടിലെ പ്രധാന ഇടങ്ങളിലൊന്നായ അടുക്കളയ്ക്കും ഇതുപോലെ ചില ചിട്ടവട്ടങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ സുരക്ഷിതമാവാൻ അടുക്കള അണുവിമുക്തമായി സൂക്ഷിച്ചേ മതിയാവൂ.
ഇപ്പോഴിതാ ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അടുക്കളയുടെ ഉപരിതലങ്ങളും മറ്റും അണുവിമുക്തമായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നത്. ട്വിറ്റർ പേജിലൂടെയാണ് ഇവ പങ്കുവച്ചിരിക്കുന്നത്. അവ ഏതൊക്കെയെന്നു നോക്കാം.
1) ദിവസവും വെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് കിച്ചൺ കൗണ്ടറും സ്ലാബുകളും സ്റ്റൗവും നന്നായി വൃത്തിയാക്കണം
അടുക്കളയിൽ പാത്രങ്ങൾ നിരത്തി വെക്കുന്ന ഇടമായതുകൊണ്ടു തന്നെ ഓരോ ദിവസവും അടുക്കള ശുചിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കൗണ്ടറുകളും സ്ലാബും സ്റ്റൗവുമൊക്കെ വെള്ളവും ഡിറ്റർജന്റും ഉപയോഗിച്ചു കഴുകണമെന്നാണ് ട്വീറ്റിൽ പറയുന്നത്.
Here are some simple steps to keep your kitchen and home clean and disinfected during #Covid19 #SwasthaBharat #HealthForAll @MoHFW_INDIA @MIB_India @PIB_India @mygovindia pic.twitter.com/8ZzjW2DkSS
— FSSAI (@fssaiindia) August 24, 2020
2) ഓരോ ഭക്ഷണം തയ്യാറാക്കിയതിനു ശേഷവും കിച്ചൺ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കണം
പലപ്പോഴും ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാൽ കിച്ചൺ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കൽ പിന്നത്തേക്ക് മാറ്റിവെക്കുന്നവരുണ്ട്. എന്നാൽ ഈ ശീലവും നിർത്തണമെന്നാണ് ട്വീറ്റിൽ പറയുന്നത്. ഓരോ തവണ ഭക്ഷണം തയ്യാറാക്കി കഴിയുമ്പോഴും ഈ ഇടങ്ങൾ ശുചിയാക്കിയേ അടുക്കള വിടാവൂ.
3) ഓരോ ഉപയോഗത്തിനുശേഷവും പാത്രങ്ങളും മറ്റ് ഉപകരണങ്ങളും സോപ്പോ ഡിറ്റർജെന്റോ ഉപയോഗിച്ച് കഴുകണം
ഭക്ഷണം വെക്കാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലും വേണം അതീവ ജാഗ്രത. ഭക്ഷണത്തിൽ അണുസാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്താൻ സോപ്പോ ഡിറ്റർജെന്റോ ഉപയോഗിച്ച് പാത്രങ്ങളിലെ അഴുക്ക് പൂർണമായും നീക്കിയിരിക്കണം.
Content Highlights: 3 Tips To Keep Kitchen Disinfected And Clean As Per FSSAI