കുട്ടിക്കാലത്ത് സാമ്പത്തിക പ്രശ്നം മൂലം വീട് നഷ്ടമാകേണ്ടി വന്നതിനെക്കുറിച്ചും പിന്നീട് അതേ വീടു തന്നെ നേടിയെടുത്തതിനെക്കുറിച്ചും ബോളിവുഡ് താരം ടൈ​ഗർഷ്റോഫ് നേരത്തേ പറഞ്ഞിരുന്നു. അമ്മയ്ക്ക് വേണ്ടിയാണ് വീട് സ്വന്തമാക്കിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മകന്റെ ആ പ്രവൃത്തിയെക്കുറിച്ച് അച്ഛനും നടനുമായ ജാക്കി ഷ്റോഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

ടൈ​ഗർ ഷ്റോഫ് സിനിമയിൽഅഭിനയിച്ചു തുടങ്ങിയ കാലം മുതൽക്കേ നഷ്ടമായ വീട് തിരികെ വാങ്ങണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്ന് ജാക്കി പറയുന്നു. ആ സ്വപ്നം നേടിയെടുക്കാനായി മകൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നുവെന്നും അമ്മയ്ക്കുവേണ്ടി ഒരുമകൻ ഇത്തരത്തിൽ ചെയ്യുന്നത് വളരെ വലിയ കാര്യമാണെന്നും ജാക്കി പറയുന്നു.  

അമ്മ നിര്‍മിച്ച ബൂം എന്ന ചിത്രം പരാജയപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന കുടുംബം വീട് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ജാക്കി പറഞ്ഞിരുന്നു. തുടര്‍ന്ന് ബാന്ദ്രയിലെ വീട് വില്‍ക്കുകയും ഖാറില്‍ രണ്ട് ബെഡ്റൂമുകള്‍ മാത്രമുള്ള വീട്ടിലേക്ക് മാറുകയുമായിരുന്നു. സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന ആദ്യപ്രതിഫലം കൊണ്ടു തന്നെ വീട് തിരികെ നേടിയെടുക്കുമെന്ന് അമ്മയോട് ടൈഗര്‍ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും പിന്നീട് പറയുകയുണ്ടായി.

'' വീട്ടിലെ ഫര്‍ണിച്ചറും മറ്റു സാധനങ്ങളുമൊക്കെ ഓരോന്നായി വിറ്റിരുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. അമ്മയുടെ ആര്‍ട്ട് വര്‍ക്കുകളും വിളക്കുകളുമൊക്കെ വിറ്റു. ജനിച്ചു വളര്‍ന്നപ്പോള്‍ മുതല്‍ ചുറ്റിനും കണ്ടിരുന്നവയെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ച. പതിയെ എന്റെ കട്ടിലും ബെഡുമൊക്കെ പോയി. നിലത്ത് കിടന്ന് ശീലിച്ചു. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമായിരുന്നു അത്. ആ പ്രായത്തില്‍ തന്നെ ജോലി ചെയ്യണമെന്നും വീട്ടുകാരെ സഹായിക്കണമെന്നും തോന്നിയിരുന്നു.''- വീട് നഷ്ടമായതിനെക്കുറിച്ച് ടൈ​ഗര്‍ ഒരു അഭിമുഖത്തിൽ പങ്കുവച്ചതിങ്ങനെ.