ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന അഭിനയ കാലത്തേക്കാള്‍ തിരക്കിലാണിപ്പോള്‍. ഇന്റീരിയര്‍ ഡിസൈനിങ്ങിലും എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമാണ് താരം. വീടൊരുക്കുന്നതില്‍ വിദഗ്ധയായ ട്വിങ്കിള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നതും അത്തരത്തിലുള്ള ചിത്രങ്ങളാണ്. 

മുംബൈയിലെ തന്റെ വീട്ടില്‍ നിന്നുള്ള അധികം കാണാത്ത ചിത്രങ്ങളാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വിവിധ ചിത്രങ്ങളാണവ. ഗ്ലാസ് ബോട്ടിലുകളിലും ജാറുകളിലും മനോഹരമായി ഒരുക്കിയിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ ചിത്രങ്ങള്‍ ഒരു കുറിപ്പോടെയാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മഴ പെയ്യാന്‍ വെമ്പിനില്‍ക്കുകയാണ്, ഞാന്‍ പച്ചപ്പു കൊണ്ട് കുടകളെ തയ്യാറാക്കിയെന്നു പറഞ്ഞാണ് ട്വിങ്കിള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോസ്‌മേരി, മിന്റ് മുതലായ ചെടികള്‍ വെള്ളത്തില്‍ വളര്‍ത്തുന്നതിന്റെ ചിത്രങ്ങളാണവ.

പഴയ കുപ്പികളും ജാറുകളും ഉപയോഗിച്ച് ഇന്റീരിയര്‍ മനോഹരമാക്കാമെന്നു പറയുകയാണ് ട്വിങ്കിള്‍. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന മൂല്യമുള്ള പാനീയങ്ങള്‍ ഉണ്ടായിരുന്ന കുപ്പികളാണ് താന്‍ പുനരുപയോഗിച്ചതെന്നും രസകരമായി ട്വിങ്കിള്‍ കുറിക്കുന്നു. 

മുമ്പും ചെടിപരിപാലനത്തെക്കുറിച്ച് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തിരുന്നു. പാചകം ചെയ്യാനോ നൃത്തം ചെയ്യാനോ തനിക്ക് കഴിയില്ലെന്നും എന്നാല്‍ ചെടിപരിപാലനത്തില്‍ വിദഗ്ധയാണെന്നുമായിരുന്നു ട്വിങ്കിള്‍ പറഞ്ഞത്.

Content Highlights:  Twinkle Khanna Adds Green To Her House By Recycling Old Bottles