കുട്ടിക്കാലത്ത് ബാധ്യത മൂലം നഷ്ടമായ വീടിനെക്കുറിച്ചുള്ള വിഷമിപ്പിക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ജാക്കി ഷ്‌റോഫിന്റെ മകനും നടനുമായ ടൈഗര്‍ ഷ്റോഫ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2017ല്‍ അധ്വാനത്തിലൂടെ ആ വീട് തിരികെ നേടിയെടുത്ത കഥയും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആഗ്രഹിച്ച പോലെ മുംബൈയില്‍ മറ്റൊരു ആഡംബര വീടും ടൈഗര്‍ സ്വന്തമാക്കിയിരിക്കുകയാണ്. 

വെസ്റ്റേണ്‍ സബര്‍ബില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ എട്ടു ബെഡ്റൂമുകളാണുള്ളത്. ടൈഗറിന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു കാര്യങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല നൃത്തവും വര്‍ക്കൗട്ടുമാണത്, ഇവയ്ക്കു രണ്ടിനുമായി വീട്ടില്‍ പ്രത്യേകം ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ടൈഗറിന്റെ വ്യക്തിത്വത്തോട് ചേര്‍ന്നു നില്‍ക്കും വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇനി വീട് ഡിസൈന്‍ ചെയ്തയാളിലും ഒരു സെലിബ്രിറ്റി ടച്ചുണ്ട്, മറ്റാരുമല്ല ജോണ്‍ എബ്രഹാമിന്റെ അമ്മ അലന്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എബ്രഹാം ജോണ്‍ ആര്‍ക്കിടെക്ട്സ് ആണ് വീട് ഡിസൈന്‍ ചെയ്തത്. ടൈഗറിന്റെ അമ്മ അയിഷ ഷ്റോഫും ഡിസൈനര്‍ സൂസെയ്ന്‍ ഖാനും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ഏപ്രിലോടെ ടൈഗര്‍ പുതിയ വീട്ടിലേക്കു മാറുമെന്നാണ് വിവരങ്ങള്‍. നിലവില്‍ മുംബൈയില്‍ തന്നെ കടലിനോട് അഭിമുഖമായുള്ള നാല് ബെഡ്റൂമുകളുള്ള വീട്ടിലാണ് ടൈഗറും കുടുംബവും താമസം.

അടുത്തിടെയാണ് തന്റെ ബാല്യകാലത്തെ വീട് നഷ്ടമായതിനെക്കുറിച്ച് ടൈഗര്‍ ഷ്റോഫ് പങ്കുവച്ചിരുന്നത്. അമ്മ നിര്‍മിച്ച ബൂം എന്ന ചിത്രം പരാജയപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന കുടുംബം വീട് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് ബാന്ദ്രയിലെ വീട് വില്‍ക്കുകയും ഖാറില്‍ രണ്ട് ബെഡ്റൂമുകള്‍ മാത്രമുള്ള വീട്ടിലേക്ക് മാറുകയുമായിരുന്നു. സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന ആദ്യപ്രതിഫലം കൊണ്ടു തന്നെ വീട് തിരികെ നേടിയെടുക്കുമെന്ന് അമ്മയോട് ടൈഗര്‍ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും പിന്നീട് പറയുകയുണ്ടായി.

'' വീട്ടിലെ ഫര്‍ണിച്ചറും മറ്റു സാധനങ്ങളുമൊക്കെ ഓരോന്നായി വിറ്റിരുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. അമ്മയുടെ ആര്‍ട്ട് വര്‍ക്കുകളും വിളക്കുകളുമൊക്കെ വിറ്റു. ജനിച്ചു വളര്‍ന്നപ്പോള്‍ മുതല്‍ ചുറ്റിനും കണ്ടിരുന്നവയെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ച്ച. പതിയെ എന്റെ കട്ടിലും ബെഡുമൊക്കെ പോയി. നിലത്ത് കിടന്ന് ശീലിച്ചു. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമായിരുന്നു അത്. ആ പ്രായത്തില്‍ തന്നെ ജോലി ചെയ്യണമെന്നും വീട്ടുകാരെ സഹായിക്കണമെന്നും തോന്നിയിരുന്നു.''- ടൈഗര്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

Content Highlights: tiger shroff new home