ടന്‍ ഹൃതിക് റോഷന്റെ മുന്‍ഭാര്യ എന്നതിലുപരി ഇന്റീരിയര്‍ ഡിസൈനര്‍ രംഗത്തെ പ്രാഗത്ഭ്യത്തിലൂടെ തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചയാളാണ് സൂസെയ്ന്‍ ഖാന്‍. ഇപ്പോഴിതാ വീടിന്റെ അകക്കാഴ്ച്ചകള്‍ പങ്കുവെക്കുകയാണ് സൂസെയ്ന്‍. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യ മാഗസിനിലൂടെയാണ് തന്റെ വീട്ടുവിശേഷങ്ങള്‍ സൂസെയ്ന്‍ പങ്കുവച്ചിരിക്കുന്നത്.

തന്റെ കൂട്ടിലേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലൂടെ സൂസെയ്ന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജുഹുവില്‍ പതിനഞ്ചാം നിലയില്‍ ആകാശക്കാഴ്ച്ചകളാല്‍ സമൃദ്ധമായ അപ്പാര്‍ട്‌മെന്റിലേക്കാണ് സൂസെയ്ന്‍ കാഴ്ച്ചക്കാരെ ക്ഷണിക്കുന്നത്. രണ്ട് അപ്പാര്‍ട്‌മെന്റുകളെ കൂട്ടിച്ചേര്‍ത്താണ് ഇവിടെ വീടൊരുക്കിയിരിക്കുന്നത്. 

ഓപ്പണ്‍ ശൈലിയിലാണ് അപ്പാര്‍ട്‌മെന്റിന്റെ അകം ഒരുക്കിയിരിക്കുന്നത്. വശത്തുള്ള ഗ്ലാസ് കൊണ്ടുള്ള ചുമരിലൂടെ മറുവശത്തെ കാഴ്ച്ചകള്‍ സുഗമമാണ്. നീളന്‍ ബാല്‍ക്കണിയും ഇരിപ്പിടത്തിനുള്ള ഏരിയയും വിശ്രമവേളകളെ കൂടുതല്‍ മനോഹരമാക്കുന്നു. ധാരാളം ചെടികളും ബാല്‍ക്കണിയില്‍ ഒരുക്കിയിട്ടുണ്ട്. ഒരുവശത്തു നിന്ന് മറുവശം വരെ നീണ്ടുകിടക്കുന്നതാണ് ബാല്‍ക്കണി. 

വലിപ്പമുള്ള പെയിന്റിങ്ങുകള്‍ ചുവരില്‍ തൂക്കിയിരിക്കുന്നത്  കാണാം. ലിവിങ് റൂമിനോട് ചേര്‍ന്നുള്ള മേശയില്‍ നിറയെ മക്കളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ്. ലിവിങ് റൂമിലിരിക്കുന്നയാള്‍ക്ക് തന്നെ മറ്റുഭാഗങ്ങളും കാംണാനാവും വിധത്തില്‍ തുറസ്സായ രീതിയിലാണ് നിര്‍മാണം. ധാരാളം കരകൗശല വസ്തുക്കളും വീട്ടില്‍ അവിടവിടെയായി ഒരുക്കിയിരിക്കുന്നതു കാണാം. 

ഗ്ലാസ് വാതില്‍ കടന്നാണ് അടുക്കളയിലേക്കും കടക്കുന്നത്. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമെന്നാണ് സൂസെയ്ന്‍ അടുക്കളയെ വിശേഷിപ്പിക്കുന്നത്. ഡൈനിങ് റൂമിമെയാണ് സൂസെയ്ന്‍ ഓഫീസ് സ്‌പേസാക്കി മാറ്റിയിരിക്കുന്നത്. ധാരാളം പുസ്തകങ്ങളും ലാപ്‌ടോപ്പുമുള്‍പ്പെടെയുള്ളവ കൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടം. വീടിന്റെ മറ്റു ഭാഗങ്ങളെക്കുറിച്ചും വീഡിയോയില്‍ സൂസെയ്ന്‍ പങ്കുവെക്കുന്നുണ്ട്. 

താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൂസെയ്‌ന്റെ വീടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഋതിക് റോഷനും വീട് മനോഹരമായി ഒരുക്കിയതിനെക്കുറിച്ച് കമന്റുമായെത്തി. അതിശയിപ്പിക്കുന്നുവെന്നും അടുക്കളയൊരുക്കിയതിന് 100 എന്നുമാണ് ഋതിക് കമന്റ് ചെയ്തിരിക്കുന്നത്.

ഋതികുമായി വിവാഹമോചിതരായെങ്കിലും ഗെറ്റ് ടുഗെതറുകള്‍ക്കും മക്കളുടെ കാര്യങ്ങള്‍ക്കുമൊക്കെ സൂസെയ്‌നും ഋതിക്കും ഒന്നിക്കാറുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഋതിക്കിനും മക്കള്‍ക്കുമൊപ്പം ജുഹുവിലെ ബംഗ്ലാവിലായിരുന്നു സൂസെയ്‌ന്റെ താമസം.  

Content Highlights: Sussanne Khan gives tour of her luxurious Mumbai home