വിശ്വസുന്ദരി എന്നു കേള്‍ക്കുമ്പോള്‍ നടി സുസ്മിത സെന്നിനെ ഓര്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. 1994ല്‍ മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ ശേഷം ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച താരം വര്‍ഷങ്ങള്‍ക്കിപ്പുറവും സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വീട്ടുവീഴ്ച്ച ചെയ്യാത്തതുപോലെ തന്നെയാണ് സുസ്മിത വീടിന്റെ കാര്യത്തിലും. ഓരോ ഇടങ്ങളും എത്രത്തോളം മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുസ്മിതയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍.

susmita sen

സുസ്മിതയുടെയും മക്കളായ അലീസായുടെും റെനീയുടെയും സ്വര്‍ഗമാണ്‌ മുംബൈയിലെ അന്ധേരി വെസ്റ്റ് ഹോം. മരപ്പണികളുടെ മനോഹാരിതയാണ് സുസ്മിതയുടെ ലിവിങ് റൂമിന്റെ ആകര്‍ഷണം. അവാര്‍ഡ് നിശകളിലൂടെയും മറ്റ് ഇവന്റുകളിലൂടെയും കലയെ പ്രോത്സാഹിപ്പിക്കാറുള്ള സുസ്മിതയുടെ വീട്ടിലും ഈ സാന്നിധ്യം കാണാം. പലര്‍ക്കും അറിയാത്ത കാര്യം സുസ്മിത നല്ലൊരു പെയിന്റര്‍ കൂടിയാണെന്നതാണ്. 

സുസ്മിതയുടെ പെയിന്റിങ്ങുകളിലൊന്ന് ഒരിക്കല്‍ വിറ്റുപോയത് ഇരുപത്തിയഞ്ചു ലക്ഷം രൂപയ്ക്കായിരുന്നു, ആ പണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് താരം ചെയ്തത്. ഈ പെയിന്റിങ് പ്രണയം വീടിന്റെ ചുവരുകളില്‍ അങ്ങിങ്ങായി കാണാം. 

susmita

വിശ്വസുന്ദരിപ്പട്ടം നേടി കാലമിത്ര കഴിഞ്ഞെങ്കിലും ആ ഓര്‍മകള്‍ക്ക് തന്റെ വീട്ടില്‍ പലയിടങ്ങളിലും താരം സ്ഥാനം നല്‍കിയിട്ടുണ്ട്. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പുള്ള വിജയനിമിഷങ്ങളുടെ വിവിധ ചിത്രങ്ങളും മോഡലിങ് കാലത്തെ ചിത്രങ്ങളുമൊക്കെ ലിവിങ് റൂമിലും പിയാനോ കോര്‍ണറിലും കോറിഡോറിലുമൊക്കെ കാണാം. ഡാര്‍ക്ക് വുഡില്‍ സുസ്മിത തന്നെ ചെയ്ത ചിത്രങ്ങളിലൊന്ന് ഏറെ മനോഹരമാണ്. 

മക്കളെപ്പോലെ സുസ്മിത വിട്ടുവീഴ്ച്ച ചെയ്യാത്ത കാര്യങ്ങളിലൊന്നാണ് വര്‍ക്ക്ഔട്ട്. ഫിറ്റ്‌നസിനായി വീട്ടില്‍ പ്രത്യേകം ഇടവും സുസ്മിത ഒരുക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ കാമുകന്‍ റോഹ്മാന്‍ ഷോളുമായി ഒന്നിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും സുസ്മിത പങ്കുവെക്കാറുണ്ട്. ബുദ്ധന്റെ സ്തൂപങ്ങളും കുടുംബ ചിത്രങ്ങളും മനോഹരമായ പെയിന്റിങ്ങുകളുമൊക്കെയാണ് വര്‍ക്കൗട്ട് കോര്‍ണറിനെ ആകര്‍ഷകമാക്കുന്നത്.

വീട്ടിലെ ബഹളം പിടിച്ചിരിക്കുന്ന മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ശാന്തമായി അന്തരീക്ഷമാണ് ബെഡ്‌റൂമില്‍ സുസ്മിത ഒരുക്കിയിട്ടുള്ളത്. അപ്പാര്‍ട്‌മെന്റിലെ മറ്റു ഭാഗങ്ങളില്‍ നിന്നു വേറിട്ട്‌ ഐവറി, ബ്രൗണ്‍, ബീജ് നിറങ്ങളാണ് ബെഡ്‌റൂമിനു നല്‍കിയിരിക്കുന്നത്.

Content Highlights: sushmita sen house celebrity home star home kerala home designs