വിടെയൊക്കെ യാത്രകള്‍ പോയാലും അവധിക്കാലം ആസ്വദിച്ചാലും തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞാല്‍ മിക്കവരും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യും 'ഹോം സ്വീറ്റ് ഹോം' എന്ന്. ഓരോരുത്തര്‍ക്കും വീടിനോടുണ്ടാകുന്ന അടുപ്പം വാക്കുകള്‍ക്ക് അതീതമാണ്. വെള്ളിത്തിരയില്‍ മഹേന്ദ്രസിങ് ധോനിയായി തിളങ്ങിയ സുശാന്ത് സിങ് രജ്പുത് എന്ന ബോളിവുഡ് താരത്തിനും വീട് ഒരു വികാരമാണ്. 

sushanth

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെയും ബോളിവുഡില്‍ എത്തിയതോടെ യുവാക്കളുടെയും മനം കവര്‍ന്ന താരമാണ് സുശാന്ത് സിങ്. വീടിനെക്കുറിച്ചു പറയുമ്പോള്‍ ആയിരംനാവാണ് സുശാന്തിന്. സുശാന്തിന്റെ വീട്ടിലെ ഏറ്റവും ആകര്‍ഷകമായ ഇടം ലിവിങ് റൂമാണ്. ചരിത്രവും ഭാവിയും എല്ലാം ഇഴകലര്‍ന്ന ഒരുപാടു കഥകള്‍ പറയുന്ന ലിവിങ് റൂമാണ് തന്റെ വീട്ടിലേതെന്നാണ് സുശാന്ത് പറയുന്നത്. 

ലിവിങ് റൂമിലെ മജന്ത നിറത്തിലുള്ള ചുവരില്‍ നിറയെ വിവിധ ചിത്രങ്ങളാണ് തൂക്കിയിരിക്കുന്നത്. പുരാതന കാലത്തെ ചിത്രങ്ങളാണ് അവയെല്ലാം. ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടെന്നാണ് സുശാന്ത് പറയുന്നത്.

sushanth

ചിന്തകള്‍ക്ക് ഇടം നല്‍കുന്ന ലൈബ്രറിയും സ്റ്റഡി ടേബിളും ഉള്‍പ്പെട്ട റൂമും സുശാന്തിന് സമയം ചിലവഴിക്കാന്‍ ഇഷ്ടമുള്ള മുറികളിലൊന്നാണ്. വായിക്കുന്ന പുസ്തകങ്ങളുടെ എഴുത്തുകാരുമായി താന്‍ സംവദിക്കുന്ന ഇടമാണതെന്ന് സുശാന്ത് പറയുന്നു. മഞ്ഞ നിറത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നതിനാല്‍ തന്നെ മഞ്ഞനിറത്തിലുള്ള സ്റ്റഡി ടേബിളാണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. 

sushanth

ആകാശക്കാഴ്ച്ചകള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന സുശാന്തിന്റെ വീട്ടില്‍ ടെലസ്‌കോപ്പിനും പ്രധാന സ്ഥാനമുണ്ട്. എന്റര്‍ടെയ്‌മെന്റ് റൂമാണ് വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ടയിടം എന്നാണ് സുശാന്ത് പറയുന്നത്. എന്റര്‍ടെയ്‌മെന്റ് റൂമിന്റെ ചുവരുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നാസയില്‍ നിന്നുള്ള ചിത്രങ്ങളാണ്, നാസ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രവും അതിലുണ്ട്. പ്രൊജക്ടര്‍ ഉള്‍പ്പെടെ സെറ്റ് ചെയ്തിട്ടുള്ള പൂര്‍ണ അര്‍ഥത്തില്‍ എന്റര്‍ടെയ്‌മെന്റ് റൂമാണത്.

sushanth

ബഹിരാകാശ യാത്രികന്‍ ആകണമെന്നായിരുന്നു എന്നും താന്‍ ആഗ്രഹിച്ചിരുന്നതെന്നും പിന്നീട് പൈലറ്റ് ആകാനും എഞ്ചിനീയര്‍ ആകാനും ആഗ്രഹിച്ചിരുന്നുവെങ്കിലും അവിചാരിതമായി അഭിനയത്തിലേക്കു കടന്നുവരികയായിരുന്നുവെന്ന് സുശാന്ത് മുമ്പു പറഞ്ഞിട്ടുണ്ട്.

sushanth

വീട് ഡിസൈന്‍ ചെയ്യുന്ന സമയത്ത് പ്രത്യേകിച്ച് ഒന്നും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നും സുശാന്ത് പറയുന്നുണ്ട്. ഒരു പാറ്റേണോ പ്രത്യേക ഡിസൈനോ പിന്തുടരാതെ പല ഡിസൈന്‍ സങ്കല്‍പങ്ങളെയും പൊളിച്ചടുക്കി പുത്തന്‍ ലുക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് സുശാന്തിന്റെ വാദം.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: Sushant Singh Rajput Home Budget Home Home Plans