ലോകമെമ്പാടും ഹാലോവീന്‍ ആഘോഷത്തിലാണ്. ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും തങ്ങളുടെ മുംബൈയിലെ  വീട്ടില്‍ നടന്ന ഹാലോവീന്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങളിലൂടെ തന്റെ പുതിയ വീടും കൂടി നടി ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ്. 

തൂവെള്ള നിറത്തിലുള്ള പെയിന്റാണ് വീടിന് മുഴുവന്‍ നല്‍കിയിരിക്കുന്നത്. ലോസ് ആഞ്ജലിസിലെ വീടിന് സമാനമായി വാതിലുകള്‍ക്കുപോലും വെള്ളനിറമാണ് നല്‍കിയിരിക്കുന്നത്. നല്ലൊരു ചിത്രകാരി കൂടിയായ സണ്ണിയുടെ ചില പെയിന്റുങ്ങുകളും ചുമരില്‍ തൂക്കിയിട്ടുണ്ട്. 

വളരെ വിശാലമായ ലിവിങ് ഏരിയയാണ് വീടിനുള്ളത്. മുറികളില്‍ ഒരേ പോലുള്ള ഫ്‌ളോറിങ് നല്‍കുന്നതിനു പകരം വ്യത്യസ്ത ഷേഡുകളാണ് നല്‍കിയിരിക്കുന്നത്. വുഡന്‍ ഫ്‌ളോറിങ്ങാണ് ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. മുറികളിലൊന്നില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്ക് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. രണ്ടുവലിയ കണ്ണാടികളാണ് ഈ മുറിയിലെ ശ്രദ്ധാകേന്ദ്രം. കറുപ്പുനിറമാണ് കണ്ണാടിയുടെ വശങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ഓവല്‍ ഷേപ്പിലുള്ള മറ്റൊരു കണ്ണാടി ഇതിന്റെ മധ്യത്തിലായി വെച്ചിട്ടുണ്ട്. 

മുംബൈയിലെ അന്ധേരിയില്‍ 4365 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റ് സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും കൂടി ജൂലായിലാണ് വാങ്ങിയത്. ഏകദേശം 16 കോടി രൂപയാണ് പുതിയ വീടിനായി ചെലവിട്ടത്. അറ്റലാന്റിസ് പ്രോജക്ടിന്റെ 12-ാം നിലയിലാണ് സണ്ണിയുടെ അപ്പാര്‍ട്ട്‌മെന്റ്. തങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറുകയാണെന്ന് ജൂലായ് 14-ന് സണ്ണി ലിയോണ്‍ അറിയിച്ചിരുന്നു.

Content highlights: sunny leone new home, mumbai andheri, haloween clebration, new apartment of sunny leone