കാന്‍സറിനെ സധൈര്യം തോല്‍പിച്ച ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരമാണ് ബോളിവുഡ് സുന്ദരി സൊനാലി ബേന്ദ്രെ. കാന്‍സര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോഴും വെള്ളിവെളിച്ചത്തില്‍ നിന്നു അകന്നു നില്‍ക്കാതെ ബിടൗണ്‍ സദസ്സുകളില്‍ സജീവമായി നില്‍ക്കുന്ന സുന്ദരി. കലയോടും സിനിമയോടുമൊക്കെയുള്ള താരത്തിന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ പോസിറ്റീവ് എനര്‍ജിക്കു പിന്നില്‍. സൊനാലിയുടെ വീട്ടില്‍ എത്തിയാലും കലയോടുള്ള ഈ സ്‌നേഹം കാണാം. 

ജുഹുവിലുള്ള സൊനാലിയുടെ വീട് കരകൗശല വസ്തുക്കളുടെയും മോഡേണ്‍ പെയിന്റിങ്ങുകളുടെയും ലക്ഷൂറിയസ് ഫര്‍ണിച്ചറുകളുടെയുമൊക്കെ വിശാലമായ ശേഖരമാണ്. പഴമയെയും പുതുമയെയും കോര്‍ത്തിണക്കിയാണ് ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നതെന്നു കാണാം. സ്വന്തമായൊരു വീട് ഇല്ലാതിരുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥ നേരിട്ടതെന്ന് സൊനാലി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ പറയുന്നു. 

sonali

അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ വളര്‍ച്ചയുടെ കാലഘട്ടങ്ങളിലെല്ലാം വീടുകള്‍ മാറിക്കൊണ്ടിരുന്നു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളിലായിരുന്നു ഏറെക്കാലവും കഴിഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ ചില കാരണങ്ങളാല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പോലും ലഭിച്ചിരുന്നില്ല. ഇന്ന് സ്വന്തമായി വീടുണ്ടെങ്കിലും അക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അരക്ഷിതാവസ്ഥ തോന്നാറുണ്ടെന്ന് സൊനാലി പറയുന്നു. 

ഗോള്‍ഡി ബേലുമായുള്ള വിവാഹത്തോടെയാണ് പൂര്‍ണ അര്‍ഥത്തില്‍ താന്‍ ഒരു വീട് സ്വന്തമാക്കിയതെന്നും സൊനാലി പറയുന്നു. നടന്‍ ഋതിക് റോഷന്റെ മുന്‍ ഭാര്യ സൂസെയ്ന്‍ റോഷന്‍ ആണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത്. തന്നെയും ഗോള്‍ഡിയെയും നന്നായി അറിയാവുന്ന സൂസെയ്ന്‍ ആ ഇഷ്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് ഡിസൈന്‍ ചെയ്തത്. 

sonali

വീട്ടിനുള്ളില്‍ സില്‍വര്‍ നിറത്തില്‍ നിര്‍മിച്ചിട്ടുള്ള ചെറിയൊരു ക്ഷേത്രം പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ്. ആഭരണങ്ങളില്‍ അത്ര തല്‍പരയല്ലെങ്കിലും എവിടെ പോയാലും കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ മറക്കില്ലായിരുന്നുവെന്ന് സൊനാലി പറയുന്നു. 

ഇന്റീരിയര്‍ എത്തരത്തില്‍ വേണമെങ്കിലും ഡിസൈന്‍ ചെയ്യാം, പക്ഷേ താനൊരു ഇന്ത്യക്കാരിയാണെന്നും താന്‍ സ്‌നേഹിക്കുന്നത് ഇന്ത്യന്‍ കലയാണെന്നും മറക്കേണ്ടെന്ന നിര്‍ദേശമാണ് സൊനാലി സൂസെയ്‌നു നല്‍കിയിരുന്നത്.

Content Highlights: sonali bendre house celebrity home star home