പുതിയ വീട്ടിലേക്ക് മാറാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും. മക്കൾക്കു വേണ്ടിയാണ് പുതിയ ഇടത്തിലേക്ക് മാറാൻ തീരുമാനിച്ചതെന്നും താരം നേരത്തേ പറഞ്ഞിരുന്നു. പുതിയ വീടിന്റെ നിർമാണ ചിത്രങ്ങൾ മിറയും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും തന്റെ സ്വപ്നഭവനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാഹിദ് കപൂർ. 

മുംബൈയിലെ വർളിയിലാണ് ഷാഹിദിന്റെ പുതിയ വീട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുതിയ കൂടുമാറ്റത്തെക്കുറിച്ച് ഷാഹിദ് പങ്കുവെച്ചത്. തനിക്കും കുടുംബത്തിനും വലിയ വീട് ആവശ്യമായതിനെക്കുറിച്ച് പറയുകയാണ് ഷാഹിദ്. 

മക്കളായ മിഷയ്ക്കും സെയ്നിനും കൂടുതൽ വലിയ ഇടത്തിനു വേണ്ടിയാണ് പുതിയ വീട്ടിലേക്കു മാറുന്നത്. പുതിയ വീടിന്റെ വൈബ് ഏറെ ഇഷ്ടമായി. ഇപ്പോഴുള്ളതിനേക്കാൾ വലിയ ഇടമാണത്. കുട്ടികൾ വളരുകയാണ്, അവർക്ക് ഇനി അതുപോലുള്ള ഇടമാണ് ആവശ്യം. നിലവിൽ വീട്ടിലെ എല്ലാം കുട്ടികളുടെ ഇടങ്ങൾ ആണ് മിറയ്ക്കും എനിക്കും ഞങ്ങളുടേതായ ഇടം കൂടി വേണം, അതാണ് മാറ്റത്തിനു പിന്നിൽ- ഷാഹിദ് പറഞ്ഞു. 

കാലം കടന്നുപോകവേ കുടുംബത്തിനായി കൂടുതൽ മുറികൾ ഉണ്ടാക്കുക എന്നത് പ്രധാനമാണ്. കുടുംബം വളരുന്നതിനൊപ്പം ഉണ്ടാകുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാനും കഴിയുന്ന ഇടമായിരിക്കണം- ഷാഹിദ് പറഞ്ഞു. 

ഏകദേശം 55 കോടി രൂപയാണ് തന്റെ പുതിയ ഭവനത്തിനായി ഷാഹിദ് ചെലവഴിച്ചിരിക്കുന്നത്. വീടിന്റെ രജിസ്‌ട്രേഷന്റെ ഭാഗമായി മൂന്നുകോടിയുടെ അടുത്താണ് ഷാഹിദ് ചെലവഴിച്ചത്. ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവർ ബിയുടെ 42,43 ഫ്‌ളോറുകളാണ് ഷാഹിദ് സ്വന്തമാക്കിയത്. 427.98, 300.48 സ്‌ക്വയർ മീറ്ററിലുള്ള ഫ്‌ളോറുകളും 40.88 സ്‌ക്വയർ മീറ്റർ ബാൽക്കണിയുമുള്ള വീടിന്റെ മുഴുവൻ സ്‌ക്വയർഫീറ്റ് 8625 ആണ്. 

അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് അപാർട്‌മെന്റിൽ ഷാഹിദിന്റെ ബിടൗൺ അയൽവാസികൾ. അക്ഷയ് കുമാർ 27 കോടി മുടക്കിയും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റിൽ ഗൃഹം സ്വന്തമാക്കിയത്. 

ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപാർട്‌മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിൽഡിങ്ങിൽ ഷാഹിദിനായി ആറു പാർക്കിങ് സ്‌പോട്ടുകളും ലഭിക്കും. മുംബൈയിൽ ജൂഹുവിലാണ് ഷാഹിദും മിറയും കുഞ്ഞു മിഷയും ഇപ്പോൾ താമസിക്കുന്നത്. 

Content Highlights: shahid kapoor on new home, celebrity home, shahid kapoor house