ബോളിവുഡ് താരം ഷാഹിദ് കപൂറിനിത് ആനന്ദത്തിന്റെ നാളുകളാണ്. അവസാനമായി പുറത്തിറങ്ങിയ പത്മാവത് ബോക്‌സ്ഓഫീസില്‍ മുന്നൂറുകോടി രൂപ വാരിയതിനൊപ്പം ഭാര്യ മിറ രണ്ടാമതും ഗര്‍ഭിണിയാണെന്നതാണ് ഷാഹിദിന്റെ ഇരട്ട സന്തോഷങ്ങള്‍. ഇപ്പോഴിതാ മുംബൈയില്‍ പുതിയ വീട്ടിലേക്കു മാറാനുള്ള തയ്യാറെടുപ്പിലാണ് താരം, ഷാഹിദ് സ്വന്തമാക്കിയ ലക്ഷ്വറി അപാര്‍ട്ട്‌മെന്റിന്റെ വില കേട്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

ഒന്നും രണ്ടുമല്ല 55.60 കോടി രൂപയാണ് തന്റെ പുതിയ ഭവനത്തിനായി ഷാഹിദ് ചിലവഴിച്ചിരിക്കുന്നത്. വീടിന്റെ രജിസ്‌ട്രേഷന്റെ ഭാഗമായി മൂന്നുകോടിയുടെ അടുത്താണ് ഷാഹിദ് ചിലവഴിച്ചതത്രേ. ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവര്‍ ബിയുടെ 42,43 ഫ്‌ളോറുകളാണ് ഷാഹിദ് സ്വന്തമാക്കിയത്. 427.98, 300.48 സ്‌ക്വയര്‍ മീറ്ററിലുള്ള ഫ്‌ളോറുകളും 40.88 സ്‌ക്വയര്‍ മീറ്റര്‍ ബാല്‍ക്കണിയുമുള്ള വീടിന്റെ മുഴുവന്‍ സ്‌ക്വയര്‍ഫീറ്റ് 8625 ആണ്. 

അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് അപാര്‍ട്‌മെന്റില്‍ ഷാഹിദിന്റെ ബിടൗണ്‍ അയല്‍വാസികള്‍. അക്ഷയ് കുമാര്‍ 27 കോടി മുടക്കിയും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റില്‍ ഗൃഹം സ്വന്തമാക്കിയത്. 

Shahid Mira

ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപാര്‍ട്‌മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബില്‍ഡിങ്ങില്‍ ഷാഹിദിനായി ആറു പാര്‍ക്കിങ് സ്‌പോട്ടുകളും ലഭിക്കും. മകള്‍ മിഷയ്ക്കും ഭാര്യ മിറയ്ക്കുമൊപ്പം ഷാഹിദ് എന്നാണ് പുതിയ വീട്ടിലേക്കു മാറുന്നത് എന്നു വ്യക്തമായിട്ടില്ല. 

മുംബൈയില്‍ ജൂഹുവിലാണ് ഷാഹിദും മിറയും കുഞ്ഞു മിഷയും ഇപ്പോള്‍ താമസിക്കുന്നത്. പ്രദേശത്ത് ഏറിവരുന്ന ലൈംഗിക തൊഴില്‍ കാരണമാണ് ഇരുവരും വീടു മാറാന്‍ തീരുമാനിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഷാഹിദോ മിറയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 

Content highlights: shahid kapoor new luxury apartment cost