ടന്‍ ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും അടുത്തിടെയാണ് തങ്ങളുടെ പ്രിയപുത്രി മിഷയുടെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്. കുടുംബ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ഷാഹിദ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ പുതിയ വിശേഷം ഷാഹിദും കുടുംബവും പുതിയ വീട്ടിലേക്ക് ചേക്കേറുന്നതാണ്. 

2018ലാണ് എട്ടായിരം ചതുരശ്ര അടിയുള്ള അപാർട്ട്മെന്റ് ഷാഹിദും കുടുംബവും സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ അറ്റകുറ്റപ്പണികള്‍ക്കു ശേഷം അപാർട്ട്മെന്‌റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് ഷാഹിദ് എന്നാണ് പുതിയ വാര്‍ത്ത. മുംബൈയിലെ വര്‍ളിയിലാണ് അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് ഷാഹിദിനു വേണ്ടി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നും പ്രചരിക്കുന്നുണ്ട്.

ജിം, സ്പാ, സ്വിമ്മിങ് പൂള്‍, വിശാലമായ ലിവിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആഢംബര വീടാണിത്. അഞ്ഞൂറു ചതുരശ്ര അടിയുള്ള ബാല്‍ക്കണിയില്‍ നിന്നാല്‍ കടല്‍ക്കാഴ്ച്ചകള്‍ വിശാലമായി കാണാം. 427.98, 300.48 സ്‌ക്വയര്‍ മീറ്ററിലുള്ള ഫ്ളോറുകളുമുള്ള വീടിന്റെ മുഴുവന്‍ സ്‌ക്വയര്‍ഫീറ്റ് 8625 ആണ്.  

shahid
ഷാഹിദും മിറയും മക്കള്‍ക്കൊപ്പം

ജുഹുവില്‍ തനിക്കുള്ളത് ചെറിയ വീടാണെന്നും രണ്ടുമക്കള്‍ ആയതോടെ കുടുംബത്തിന്റെ ആവശ്യങ്ങളും വലുതായെന്നും അതാണ് വീട് മാറാന്‍ തീരുമാനിച്ചതെന്നും ഷാഹിദ് മുമ്പു പറഞ്ഞിരുന്നു. മിഷയ്ക്ക് സുരക്ഷിതമായ ഒരിടത്തിനു വേണ്ടികൂടിയാണ് മാറുന്നത്. മിഷയുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം അവള്‍ക്കു കളിച്ചുവളരാന്‍ കഴിയണം, എന്നാല്‍ മാത്രമേ സാധാരണമായ ബാല്യകാലം അവള്‍ക്കു കിട്ടൂ എന്നും കണക്കിലെടുത്താണ് വീടുമാറ്റമെന്നും ഷാഹിദ് പറയുകയുണ്ടായി.

ദീപിക പദുക്കോണ്‍, വിരാട് കോഹ്‌ലി, യുവ്‌രാജ് സിങ്, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് അപാർട്ട്മെന്റിൽ ഷാഹിദിന്റെ ബിടൗണ്‍ അയല്‍വാസികള്‍. അക്ഷയ് കുമാര്‍ 27 കോടി മുടക്കിയും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റില്‍ ഗൃഹം സ്വന്തമാക്കിയത്. ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപാർട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അമ്പത്തിയാറുകോടി രൂപ മുടക്കിയാണ് ഷാഹിദ് അപാർട്ട്മെന്റ്  വാങ്ങിയത്. രജിസ്‌ട്രേഷനു വേണ്ടി 2.91 കോടിയും മുടക്കിയിരുന്നു. ത്രീ സിക്സ്റ്റി വെസ്റ്റ് എന്നു പേരുള്ള കെട്ടിടത്തിന്റെ 42ഉം 43ഉം നിലകളിലായാണ് ഷാഹിദിന്റെ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിങ്ങിനായി ആറു സ്‌പോട്ടുകളും കെട്ടിടത്തില്‍ ലഭ്യമാണ്. 

നിലവില്‍ ജുഹുവില്‍ കടലിനോട് അഭിമുഖമായ വീട്ടിലാണ് ഷാഹിദും കുടുംബവും താമസിക്കുന്നത്.

Content Highlights: Shahid Kapoor Mira Rajput ready to move in new house