ബോളിവു‍ഡ് താരം ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും മക്കൾക്കൊപ്പം ജുഹുവിലാണ് താമസം. അടുത്തിടെ വർളിയിൽ ഇരുവരും മറ്റൊരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു, ഇപ്പോഴിതാ അവിടെ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മിറ. പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്.

സ്റ്റെയർകെയ്സിൽ സംസാരിച്ചു നിൽക്കുന്ന മിറയും ഷാഹിദുമാണ് ചിത്രത്തിലുള്ളത്. 2018ലാണ് ഷാഹിദും മിറയും അമ്പത്തിയാറു കോടി രൂപ മുടക്കി ഈ അപ്പാർട്മെന്റ് സ്വന്തമാക്കിയത്. ത്രീ സിക്സ്റ്റി വെസ്റ്റ് കോംപ്ലെക്സിലെ നാൽപത്തിരണ്ട്, നാൽപത്തിമൂന്ന് നിലകളിലാണ് ഇരുവരും അപ്പാർട്മെന്റ് സ്വന്തമാക്കിയത്.

അടുത്തിടെ തന്റെ പുതിയ വീടിനെക്കുറിച്ച് ഷാഹിദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്റീരിയർ പണികൾ തീർന്നാലുടൻ പുതിയ അപ്പാർട്മെന്റിലേക്ക് മാറുമെന്നും ഷാഹിദ് പറഞ്ഞിരുന്നു.  ജുഹുവില്‍ തനിക്കുള്ളത് ചെറിയ വീടാണെന്നും രണ്ടുമക്കള്‍ ആയതോടെ കുടുംബത്തിന്റെ ആവശ്യങ്ങളും വലുതായെന്നും അതാണ് വീട് മാറാന്‍ തീരുമാനിച്ചതെന്നും ഷാഹിദ് പറഞ്ഞിരുന്നു. മിഷയ്ക്ക് സുരക്ഷിതമായ ഒരിടത്തിനു വേണ്ടികൂടിയാണ് മാറുന്നത്. മിഷയുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം അവള്‍ക്കു കളിച്ചുവളരാന്‍ കഴിയണം, എന്നാല്‍ മാത്രമേ സാധാരണമായ ബാല്യകാലം അവള്‍ക്കു കിട്ടൂ എന്നും എന്നും കണക്കിലെടുത്താണ് വീടുമാറ്റമെന്നും ഷാഹിദ് പറയുകയുണ്ടായി.

ജിം, സ്പാ, സ്വിമ്മിങ് പൂള്‍, വിശാലമായ ലിവിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആഡംബര വീടാണിത്. 500 ചതുരശ്ര അടിയുള്ള ബാല്‍ക്കണിയില്‍ നിന്നാല്‍ കടല്‍ക്കാഴ്ച്ചകള്‍ വിശാലമായി കാണാം.  ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപ്പാർട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദീപിക പദുക്കോണ്‍, വിരാട് കോഹ്‌ലി, യുവ്‌രാജ് സിങ്, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് അപ്പാർട്ട്മെന്റിൽ ഷാഹിദിന്റെ ബിടൗണ്‍ അയല്‍വാസികള്‍. അക്ഷയ് കുമാര്‍ 27 കോടി മുടക്കിയും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റില്‍ ഗൃഹം സ്വന്തമാക്കിയത്.

Content Highlights:  Shahid Kapoor and Mira Rajput Visit Their Under-construction Dream Home