ബോളിവുഡ് താരങ്ങളുടെ വീടുകളെടുത്താൽ മുന്നിലുണ്ടാവും കിങ് ഖാൻ ഷാരൂഖ് ഖാന്റെ വീട്. മുംബൈയിലുള്ള മന്നത് എന്ന സ്വപ്നസൗധം സ്വന്തമാക്കിയതിനെക്കുറിച്ചും ഡിസൈൻ ചെയ്തതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഷാരൂഖും ​ഗൗരിയും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ മന്നത്തിനെക്കുറിച്ച് അധികമാരും അറിയാത്തൊരു രഹസ്യം കൂടി പങ്കുവച്ചിരിക്കുകയാണ് ​ഗൗരി. തന്റെ വീട് അടുക്കും ചിട്ടയോടെയുമിരിക്കുന്നതിനു പിന്നിൽ ആരാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ​ഗൗരി. 

എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ​ഗൗരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡൽഹിയിലുള്ള അമ്മയാണ് തന്റെ വീട് നോക്കിനടത്തുന്നതെന്നാണ് ​ഗൗരി പറയുന്നത്. ഒരുതരത്തിൽ'റിമോട്ട് കൺട്രോൾ' ഭരണമാണ് അമ്മ സവിത ഛിബ്ബ നടത്തുന്നത്.

വാട്സാപ്പ് കോളിലൂടെയോ ഫോണിലൂടെയോ അമ്മ സദാസമയം വീട്ടിലെ ജോലിക്കാരെ വിളിക്കാറുണ്ട്. വീട് നന്നായി വൃത്തിയാക്കുന്നുണ്ടോ എന്നും എല്ലാ കൃത്യമായല്ലേ ഒരുക്കുന്നതെന്നും അമ്മ ഉറപ്പുവരുത്തും. വീടിന്റെ മുക്കും മൂലയും പരിശോധിച്ച് വൃത്തികേടായാൽ അത് വൃത്തിയാക്കാനും സാനിറ്റൈസേഷൻ നടത്തണമെങ്കിൽ അതു ചെയ്യാനും പറയും. 

ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയ്ക്കുള്ള തന്റെ വളര്‍ച്ചയില്‍ മന്നത്തിന്റെ പങ്ക് ചെറുതായിരുന്നില്ലെന്ന് ഗൗരി നേരത്തെ പറഞ്ഞിരുന്നു. മന്നത്തിലെ അകത്തളങ്ങളില്‍ ഡിസൈന്‍ ചെയ്തുള്ള തുടക്കമാണ് തന്‌‍റെ ആത്മവിശ്വാസം വർധിപ്പിച്ചതെന്നും ​ഗൗരി പറഞ്ഞിരുന്നു. 

സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍ എന്ന തലത്തിലേക്കുയര്‍ന്ന ഗൗരി ഖാന്‍ കരണ്‍ ജോഹര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുടെ വീടുകള്‍ക്കു വേണ്ടിയും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

താന്‍ ഏറ്റവുമധികം പണം മുടക്കി സ്വന്തമാക്കിയത് മന്നത്ത് ആണെന്ന് ഷാരൂഖ് മുമ്പ് പറഞ്ഞിരുന്നു. മന്നത്തിന്റെ ഇന്നത്തെ മൂല്യം 200 കോടിയാണ്. 2001ല്‍ 13.32 കോടി മുടക്കിയായിരുന്നു ഷാരൂഖ് തന്റെ സ്വപ്‌നഭവനം സ്വന്തമാക്കിയത്. മന്നത്ത് കൂടാതെ ലണ്ടനില്‍ 172 കോടിയുടെ അപാര്‍ട്ട്മെന്റും ദുബായില്‍ 24 കോടിയുടെ വില്ലയും ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Shah Rukh Khan’s wife Gauri Khan reveals this secret about her home 'Mannat