ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ എന്നു കേള്‍ക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ വീട് മന്നത്തിന്റേത്. വിശേഷ അവസരങ്ങളിലെല്ലാം മന്നത്തിന്റെ മട്ടുപ്പാവില്‍ നിന്ന് കിങ്ഖാന്‍ ആരാധകര്‍ക്ക് അഭിവാദ്യം നല്‍കാറുണ്ട്. ഇന്നുവരെ താന്‍ ഏറ്റവുമധികം പണം മുടക്കി സ്വന്തമാക്കിയത് മന്നത്ത് ആണെന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍.
ഒരു അഭിമുഖത്തിനിടെ ജീവിതത്തില്‍ ഏറ്റവുമധികം പണം ചെലവാക്കി സ്വന്തമാക്കിയത് എന്താണെന്ന ചോദ്യത്തിനാണ് മറുത്തൊന്നും ചിന്തിക്കാതെ അതു മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് ആണെന്ന് ഷാരൂഖ് വ്യക്തമാക്കിയത്.
'' ഞാന്‍ ഡല്‍ഹിക്കാരനാണ്, ഡല്‍ഹിക്കാര്‍ ബംഗ്ലാവുകളില്‍ താമസിച്ചു ശീലിച്ചിട്ടുള്ളവരാണ്, മുംബൈയിലാണെങ്കില്‍ അപാര്‍ട്‌മെന്റുകളാണ്. ഞാന്‍ മുംബൈയിലേക്കു വരുമ്പോള്‍ വിവാഹിതനായിരുന്നു, ഗൗരിയോടൊപ്പം ഒരു ചെറിയ അപാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. അപ്പോഴെല്ലാം എന്റെ അമ്മായിയമ്മ പരാതി പറയുമായിരുന്നു നിങ്ങള്‍ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്ന്. പിന്നീട് മന്നത്ത് കണ്ടതോടെ എനിക്ക് ഡല്‍ഹിക്കാരുടെ ബംഗ്ലാവാണ് ഓര്‍മ വന്നത്, അങ്ങനെ ഞാനത് സ്വന്തമാക്കി. ഇന്നുവരെ വാങ്ങിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളതും അതാണ്''.- ഷാരൂഖ് പറയുന്നു.
മന്നത്തിന്റെ ഇന്നത്തെ മൂല്യം ഇരുനൂറു കോടിയാണ്. 2001ല്‍ 13.32 കോടി മുടക്കിയായിരുന്നു ഷാരൂഖ് തന്റെ സ്വപ്‌നഭവനം സ്വന്തമാക്കിയത്. മന്നത്ത് കൂടാതെ ലണ്ടനില്‍ 172 കോടിയുടെ അപാര്‍ട്‌മെന്റും ദുബായില്‍ ഇരുപത്തിനാലു കോടിയുടെ വില്ലയും ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Shah Rukh Khan on his house Mannat Sharukh Khan Home