ബോളിവുഡ് താരങ്ങളുടെ വീടുകളെടുത്താല്‍ ഒന്നാം സ്ഥാനത്തായിരിക്കും ഷാരൂഖ് ഖാന്റെ മന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിലൊന്നാണത്. ദിനവും ആയിരത്തില്‍പരം പേര്‍ തങ്ങളുടെ താരരാജാവിനെ ഒരുനോക്ക് കാണാന്‍ മന്നത്തിനു മുന്നില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും കാണാറുണ്ട്. മന്നത്തും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ഇടം നേടുന്നത്. സല്‍മാന് മന്നത്തില്‍ കണ്ണുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങല്‍. 

അടുത്തിടെ ഒരു അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കകാലത്ത് മന്നത് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ അച്ഛന്‍ അതില്‍ നിന്നും വിലക്കുകയായിരുന്നുവെന്നും സല്‍മാന്‍ വ്യക്തമാക്കി. ഇത്രയും വലിയ വീട്ടില്‍ എന്തു ചെയ്യാനാണ് എന്ന അച്ഛന്റെ ചോദ്യമാണ് സല്‍മാനെ പിന്തിരിപ്പിച്ചത്. 

ഇതേ ചോദ്യം താന്‍ ഷാരൂഖിനോട് ചോദിച്ചിട്ടുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. ഇരുനൂറു കോടിയില്‍ പരമാണ് മന്നത്തിന്റെ ഇന്നത്തെ വില. ഇതുവരെ സ്വന്തമാക്കിയതില്‍ താന്‍ ഏറ്റവുമധികം പണം മുടക്കിയത് മന്നത്തിനു വേണ്ടിയാണെന്ന് ഷാരൂഖ് മുമ്പ് പറഞ്ഞിട്ടുണ്ട്. ഗൗരിയെ വിവാഹം കഴിച്ച സമയത്ത് ചെറിയ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്നുവെന്ന് അമ്മായിയമ്മ പരാതി പറഞ്ഞപ്പോഴാണ് വലിയ വീടിനെക്കുറിച്ച് ചിന്തിച്ചതെന്നും ഷാരൂഖ് പറഞ്ഞിരുന്നു. 

2001ല്‍ 13.32 കോടി മുടക്കിയായിരുന്നു ഷാരൂഖ് തന്റെ സ്വപ്നഭവനം സ്വന്തമാക്കിയത്. മന്നത്ത് കൂടാതെ ലണ്ടനില്‍ 172 കോടിയുടെ അപ്പാർട്മെന്റും ദുബായില്‍ ഇരുപത്തിനാല് കോടിയുടെ വില്ലയും ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Shah Rukh Khan Mannat Salman Khan Star Home