ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ പ്രശസ്തമാണ് ഷാരൂഖ് ഖാന്റെ മന്നത്. കടലിന് അഭിമുഖമായുള്ള ഈ കൊട്ടാരത്തിന്റെ മനോഹാരിതയില്‍ ഷാരൂഖിന്റെ ഭാര്യയും ഇന്‍രീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്റെ സംഭാവനയും ചില്ലറയല്ല. ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയ്ക്കുള്ള തന്റെ വളര്‍ച്ചയില്‍ മന്നത്തിന്റെ പങ്ക് ചെറുതായിരുന്നില്ലെന്നു പറയുന്നു ഗൗരി. മന്നത്തിലെ അകത്തളങ്ങളില്‍ ഡിസൈന്‍ ചെയ്തുള്ള തുടക്കമാണ് ഗൗരിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. 

വോഗ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് വീടിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഗൗരി പങ്കുവച്ചത്. അകത്തളം പൂക്കള്‍ കൊണ്ടും കൃത്രിമ ചെടികള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നത് തീരെ ഇഷ്ടമില്ലാത്തയാളാണ് ഗൗരി. എന്നാല്‍ വീടിന്റെ മേശകളിലും മുക്കിലും മൂലയിലും വരെ ധാരാളം ഇന്റീരിയര്‍ പ്ലാന്റ്‌സും കാണാം, അവ പോസിറ്റീവ് എനര്‍ജി പകരുന്നവയാണെന്നാണ് ഗൗരി പറയുന്നത്. വീട്ടില്‍ മനോഹരമായൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഗൗരി ഒരുക്കിയിട്ടുണ്ട്. 

ഇറ്റാലിയന്‍ നിര്‍മിത ശൈലിയുള്ള വീട്ടില്‍ ആറു നിലകളാണുള്ളത്. ബെഡ്‌റൂമുകള്‍ക്കു പുറമെ വിനോദത്തിനായുള്ള ഇടങ്ങളും വിശാലമായ പൂന്തോട്ടവും മട്ടുപ്പാവും ലിഫ്റ്റ് സൗകര്യങ്ങളുമെല്ലാം വീട്ടിലുണ്ട്. ആര്യനും സുഹാനയും വിദേശത്ത് പഠനമായതോടെ വീടിനകം അല്‍പം നിശബ്ദമാണെന്നു പറയുന്നു ഗൗരി. അവര്‍ പണ്ട് സൈക്കിള്‍ ഓടിച്ചിരുന്നതിന്റെയും പൂന്തോട്ടത്തിനു ചുറ്റും പട്ടികളെയും കൊണ്ട് ഓടിയിരുന്നതിന്റെയുമൊക്കെ ശബ്ദം ഇപ്പോഴും കേള്‍ക്കാറുള്ളതു പോലെ തോന്നാറുണ്ടെന്നും ഗൗരി പറയുന്നു. ഇപ്പോള്‍ അബ്‌റാമിന്റെ കളിചിരികളാണ് വീടിനുള്ളില്‍ നിറയുന്നത്. 

ഒരുവിധത്തിലുള്ള ചട്ടങ്ങളും താന്‍ വീട്ടില്‍ ഇതുവരെ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും ഗൗരി പറയുന്നു. ഹോംവര്‍ക്കുകളെക്കുറിച്ചോ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചോ താന്‍ ഇതുവരെയും ഒരു നിബന്ധനകളും വച്ചിട്ടില്ല. സ്‌കൂളില്‍ നിന്ന് മക്കള്‍ എത്തുമ്പോഴേക്കും വീട്ടില്‍ ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു. 

mannat

ഓരോരുത്തരും അവരുടേതായ പങ്ക് നല്‍കി വീടിനെ അവരുടെ ഇടമാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗൗരി. ബാലെയോടുള്ള സുഹാനയുടെ പ്രിയം വീട്ടില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളില്‍ നിന്നും പെയിന്റിങ്ങുകളില്‍ നിന്നും വ്യക്തമാണ്. ആര്യനു പ്രിയപ്പെട്ടതു വാള്‍പേപ്പറുകളാണെങ്കില്‍ അബ്‌റാം താഴത്തും തലയിലും വെക്കാതെ നടക്കുന്നത് ഒരു തലയിണയാണ്. വലിയ ഛായചിത്രങ്ങളും ഗണപതിയുടെ ശില്‍പവും  രാധാകൃഷ്ണ പ്രതിമയുമൊക്കെയാണ് ഗൗരിക്കു കൂടുതല്‍ പ്രിയ്യപ്പെട്ടവ. 

തീര്‍ന്നില്ല കിങ് ഖാന്റെ സിനിമാ പ്രണയവും വീട്ടില്‍ കാണാം. ഹോം തീയേറ്ററിലേക്കുള്ള പ്രവേശനവഴിയിലെല്ലാം ഷോലെ, രാം ഓര്‍ ശ്യാം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Beautiful homes are made by beautiful home makers. Bas!

A post shared by Shah Rukh Khan (@iamsrk) on

വീടിനെക്കുറിച്ച് ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാന്‍ കുറിച്ച ക്യാപ്ഷനും ആരാധക ഹൃദയം കവര്‍ന്നു. മനോഹരമായ വീട്ടമ്മമാരിലൂടെയാണ് മനോഹരമായ വീടുകളുണ്ടാകുന്നത് എന്നതായിരുന്നു അത്. 

സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍ എന്ന തലത്തിലേക്കുയര്‍ന്ന ഗൗരി ഖാന്‍ കരണ്‍ ജോഹര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുടെ വീടുകള്‍ക്കു വേണ്ടിയും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

Content Highlights: Shah Rukh Khan And Gauri Khan Mannat