സെറീന വില്യംസ്, ടെന്നീസ് എന്ന വാക്കിനോട് ഇത്രയധികം ചേര്‍ത്തു വച്ച പേരുണ്ടാവില്ല. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്ലാതെയാണ് തന്റെ പുതിയ വീട് സെറീന പണിതിരിക്കുന്നത്.പലസ്ഥലങ്ങളിലും സെറീന വീടുകള്‍ വാങ്ങിയിരുന്നെങ്കിലും ടെന്നിസ് കോര്‍ട്ടില്ലാത്ത കുടുംബത്തിനായി മാത്രം സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒരു വീട് സ്വന്തമാക്കുന്നത് ആദ്യമായാണെന്ന് ആര്‍ക്കിടെക്ച്വറല്‍ ഡൈജസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

home

ഇത്രയും നാള്‍ സെറീനയും സഹോദരി വീനസും കൂടുതല്‍ സമയവും ഒരേ വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ മിയാമിയിലാണ് വാട്ടര്‍ ഫ്രണ്ടോടുകൂടിയ ഒരു പുതിയ വീട് സെറീന സ്വന്തമാക്കിയിരിക്കുന്നത്.  ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെറീന സഹോദരിയെയും കുടുംബവീടിനെയും വിട്ട് സ്വന്തമായുള്ള വീട്ടിലേക്ക് പൂര്‍ണമായും മാറുത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സെറീന തങ്ങിയിട്ടുള്ള ഹോട്ടലുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വീടിന്റെ ഇന്റീരിയര്‍. സഹോദരി വീനസ് തന്നെ സ്ഥാപിച്ച വി സ്റ്റാര്‍ എന്ന ഡിസൈന്‍ കമ്പനിയാണ് വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നതും. 14,500 ചതുരശ്രയടിയില്‍ സ്പാനിഷ് മെഡിറ്ററേനിയന്‍ ശൈലിയിലാണ് സെറീന വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

women

ഈ വീട്ടിലെ ഏറ്റവും ആഡംബരം നിറഞ്ഞ മുറി മകള്‍ ഒളിംപ്യയ്ക്കു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. അവളെ സന്തോഷിപ്പിക്കുന്ന എന്തും എന്നെയും സന്തോഷിപ്പിക്കും എന്നാണ് ഇതിന് കാരണമായി സെറീന പറയുന്നത്. 

ക്ലാസിക്ക് ഫ്‌ളോറിഡിയന്‍ സ്‌റ്റൈല്‍ ആണ് സിറ്റിങ് റൂം. ഇവിടെ മനോഹരമായ ഇരിപ്പിടങ്ങള്‍ക്കൊപ്പം ഭിത്തികള്‍ ആര്‍ട്ട് ഗാലറിപോലെയാണ് ഒരുക്കിയിരിക്കുന്നത്. മുറിയിലെത്തുന്നവര്‍ ഇരുന്ന് വിശ്രമിക്കുന്നതിന് പകരം ചിത്രങ്ങളുടെ ഭംഗികണ്ട് നിന്ന് പോകുമെന്ന് ചുരുക്കം. 

women

വീടിന്റെ മുന്‍ഭാഗം ഒരു ഓപ്പണ്‍ ഫ്‌ളോര്‍ പോലെയാണ്. മുന്നില്‍ ഇരുപത്തെട്ടടി ഉയരത്തിലുള്ള ജനാലകളും നല്‍കിയിരിക്കുന്നു. ഇത് സൂര്യവെളിച്ചം ധാരാളം വീടിനുള്ളില്‍ ലഭിക്കുന്നതിന് സഹായിക്കും.   ജിം,വൈന്‍ സെല്ലാര്‍, പൂള്‍ അങ്ങനെ എല്ലാ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്.  കൂടാതെ തങ്ങളുടെ വിനോദങ്ങള്‍ക്കായി ഒരു കരോക്കെ റൂം കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. 

സെറീനയുടെ ധാരാളം സ്വകാര്യ ശേഖരണങ്ങള്‍ കൂടി ചേര്‍ത്താണ് വീടിന്റെ ഡിസൈന്‍.  ഇതിനായി 620 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനിമുതല്‍ ജോലിയും കുടുംബവും വേറെ വേറെ തന്നെ പരിഗണിക്കാനാണ് സെറീനയുടെ തീരുമാനം. അതുകൊണ്ട് തന്നെ ഈ വീട്ടില്‍ ടെന്നീസ് കോര്‍ട്ടില്ല.

Content Highlights: Serena Williams' Striking Florida Home