ദം​ഗൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാന്യ മൽഹോത്ര. സിനിമാ വിശേഷങ്ങളും ജീവിതത്തിലെ പുതിയ സന്തോഷങ്ങളുമൊക്കെ സാന്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു പുതിയ അപ്പാർട്മെന്റ് സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവരുന്നത്. 14.3 കോടി മുടക്കിയാണ് സാന്യ സ്വപ്നവീട് സ്വന്തമാക്കിയത്. 

ജുഹുവിലെ ബേവ്യൂ ബിൽഡിങ്ങിലാണ് സാന്യ അപ്പാർട്മെന്റ് വാങ്ങിയത്. അതേ ബിൽഡിങ്ങിൽ മറ്റു രണ്ട് അപ്പാർട്മെന്റുകളും നേരത്തേ സാന്യ സ്വന്തമാക്കിയിരുന്നു. ഒക്ടോബർ പതിനാലിനാണ് താരം പുതിയ അപ്പാർട്മെന്റ് വാങ്ങിയത്. ബോളിവുഡ് താരം ഋതിക് റോഷനും അതേ ബിൽ‍ഡിങ്ങിൽ രണ്ട് അപ്പാർട്മെന്റുകളുണ്ട്.

മുംബൈയിൽ നേരത്തേയും താരം ഭവനങ്ങൾ സ്വന്തമാക്കിയിരുന്നു. 2018ലാണ് ന​ഗരത്തിൽ ആദ്യമായി സാന്യ അപ്പാർട്മെന്റ് വാങ്ങിയത്. മുംബൈ തനിക്ക് വീട് പോലെ ആയെന്നും സുരക്ഷിതവും ശാന്തവും സ്വാതന്ത്ര്യവും പകരുന്ന ഈ ന​ഗരത്തിൽ വീട് വാങ്ങാൻ തീരുമാനിച്ചത് അതുകൊണ്ടാണെന്നും താരം പറഞ്ഞിരുന്നു. 

സാന്യയുടെ കുടുംബം ഡൽഹിയിലാണ് താമസം. സിനിമയിൽ വന്ന് അഞ്ചുവർഷക്കാലവും സാന്യ മുംബൈയിലായിരുന്നു താമസം. പല താരങ്ങളും വാടകയ്ക്ക് നിൽക്കുന്ന കാലത്ത് സ്വന്തമായി വീട് വാങ്ങാനുള്ള തീരുമാനത്തേക്കുറിച്ചും താരം പറഞ്ഞിരുന്നു. മുമ്പ് ഒരു ബെഡ്റൂമുള്ള വാടക അപ്പാർട്മെന്റിലായിരുന്നു താമസം. കുടുംബത്തിനും കൂടി തനിക്കൊപ്പം വന്ന് സുരക്ഷിതമായി നിൽക്കാനൊരിടം എന്ന ചിന്ത വന്നപ്പോഴാണ് വീട് സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതെന്ന് സാന്യ പറയുകയുണ്ടായി. 

തുടക്കത്തിൽ ആ തീരുമാനമെടുക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ വാടകവീടിനേക്കാൾ സ്വന്തമായൊരു വീടിനു വേണ്ടിയാകണം നിക്ഷേപം നടത്തേണ്ടത് എന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് വലിയ ഇടങ്ങൾ സ്വന്തമാക്കുന്നതെന്നും സാന്യ പറഞ്ഞിരുന്നു. 

Content Highlights: Sanya Malhotra home, sanya malhotra new apartment, sanya malhotra movies, bollywood news