ടെന്നീസ് താരം സാനിയ മിര്‍സ പുതിയ റോള്‍ ആസ്വദിക്കുന്ന തിരക്കിലാണിപ്പോള്‍. അധികം വൈകാതെ സാനിയയും ഭര്‍ത്താവ് ഷൊയിബ് മാലിക്കും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്യും. ഗര്‍ഭിണിയാകുന്നതിനു മുമ്പും ശേഷവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ സാനിയ മറക്കാറില്ല. ഇന്‍സ്റ്റഗ്രാം നിറയെ സാനിയയുടെ സന്തോഷ നിമിഷങ്ങളാണ്. ഇതിനിടയില്‍ പലരുടെയും മിഴികള്‍ പതിയുന്നതും സാനിയയുടെ വീടിന്റെ അകത്തളത്തിലേക്കാണ്. കോർട്ടിലെ എണ്ണമറ്റ എയ്സുകളേക്കാൾ സുന്ദരമായ അകത്തളം.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ രാജകീയം, അതിലുപരി മറ്റൊന്നും സാനിയയുടെ വീടിനെ വിശേഷിപ്പിക്കാനാവില്ല. ഹൈദരാബാദിലെ ഫിലിം നഗര്‍ ഏരിയയിലുള്ള വീടിന്റെ ലിവിങ് റൂം തന്നെയാണ് പ്രധാന ആകര്‍ഷണം. ഇസ്ലാമിക് കയ്യെഴുത്തും ആര്‍ഭാടം നിറഞ്ഞ പെയിന്റിങ്ങുകളും ചുവര്‍ചിത്രങ്ങളുമൊക്കെ ലിവിങ് റൂമിനെ രാജകീയമാക്കുന്നു.
ബ്രൗണും ബീജും കലര്‍ന്ന നിറമാണ് ലിവിങ് റൂമിലെ ഇന്റീരിയറില്‍ ഹൈലൈറ്റ് ആയി നില്‍ക്കുന്നത്. കര്‍ട്ടനുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമൊക്കെ ഈ നിറമാണ്. മാര്‍ബിള്‍ ഫ്‌ളോറിങ് ആണ് ലിവിങ് റൂമിനു നല്‍കിയിരിക്കുന്നത്.
കലയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരാണ് സാനിയയുടെ കുടുംബമെന്ന് മുക്കിലും മൂലയിലും വരെ ഒരുക്കിയിരിക്കുന്ന കലാവിരുതു കണ്ടാല്‍ മനസ്സിലാകും. വിവാഹത്തോടെ ഭര്‍ത്താവിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ സാനിയ ഗര്‍ഭകാലവിശ്രമത്തിനായി ഹൈദരാബാദിലെ സ്വന്തം വീട്ടിലാണിപ്പോള്‍ താമസം.
Content Highlights: sania mirza home royal interior