ബിടൗൺ താരം സെയ്ഫ് അലി ഖാന്റെ സ്വകാര്യ ആസ്തികളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ പൈതൃക ഭവനമായ പട്ടൗഡി പാലസായിരിക്കും. ഇപ്പോഴിതാ സെയ്ഫും കരീനയും മകൻ തൈമുറും പുതിയൊരു ലാവിഷ് അപ്പാർട്മെന്റിലേക്ക് മാറാനൊരുങ്ങുകയാണ് എന്നാണ് വാർത്തകൾ. ബാന്ദ്രയിൽ നിലവിലുള്ള ഫ്ലാറ്റിന് നേരെ എതിർവശത്തായാണ് പുതിയ അപ്പാർട്മെന്റ് ഇരുവരും വാങ്ങുന്നത്. 

വർഷങ്ങളായി ബാന്ദ്രയിലെ അപ്പാർട്മെന്റിൽ കഴിയുന്ന സെയ്ഫിനും കരീനയും അൽപം കൂടി വലിയൊരിടത്തേക്കു മാറണം എന്ന ആ​ഗ്രഹത്തോടെയാണ് ഈ മാറ്റം. പുതിയ വീട്ടിലേക്കു മാറുന്നതോടെ നിലവിലുള്ള ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാനാണ് സെയ്ഫിന്റെ തീരുമാനം. പുതിയ അപ്പാർട്മെന്റിലെ നവീകരണ പ്രവർത്തനങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണെന്നും സെയ്ഫ് പറയുന്നു. 

നിലവിൽ ഇവർ താമസിക്കുന്നത് മൂന്നുനില അപ്പാർട്മെന്റിലാണ്. ഓരോ നിലയിലും മൂന്നു ബെഡ്റൂമുകളുള്ള മൂവായിരം ചതുരശ്ര അടിയുള്ള അപ്പാർട്മെന്റ് ആണിത്. 2013ൽ 48 കോടി മുടക്കിയാണ് ഇരുവരും ഈ വീട് സ്വന്തമാക്കിയത്. 

അന്യാധീനപ്പെട്ടുപോയ പട്ടൗഡി പാലസ് തിരികെ നേടിയതിനെക്കുറിച്ചും അടുത്തിടെ സെയ്ഫ് പറഞ്ഞിരുന്നു. ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വാങ്ങുകയായിരുന്നുവെന്നാണ് സെയ്ഫ് പറഞ്ഞത്. ഇന്ന് 800 കോടി വിലമതിക്കുന്ന പട്ടൗഡി പാലസ് നീമ്റാണ ഹോട്ടല്‍സ് നെറ്റ്​വര്‍ക്കിനു പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നല്‍കേണ്ടി വന്നത്. പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് താന്‍ കൊട്ടാരം തിരികെ സ്വന്തമാക്കിയതെന്നും സെയ്ഫ് പറയുന്നു. അങ്ങനെ 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്. 

Content Highlights: Saif Ali Khan, Kareena Kapoor Khan, Taimur Ali Khan Soon to Shift in Large Apartment