ബി ടൗണിലെ തിളങ്ങുന്ന താരങ്ങള്‍ മാത്രമല്ല പലരുടെയും ഇഷ്ടദമ്പതികള്‍ കൂടിയാണ് രണ്‍വീര്‍ സിങ്ങും പ്രിയതമ ദീപിക പദുക്കോണും. പ്രണയകാലഘട്ടങ്ങളിലും വിവാഹിതരായപ്പോഴുമൊക്കെ ഭാര്യയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭര്‍ത്താവാണ് താനെന്ന് രണ്‍വീര്‍ തെളിയിച്ചതാണ്. ഇപ്പോഴിതാ താമസിക്കുന്ന വീടിന്റെ കാര്യത്തിലും രണ്‍വീര്‍ ദീപികയുടെ ഇഷ്ടത്തിന് മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. 

വിവാഹിതയാകുന്നതോടെ ഭര്‍ത്താവിന്റെ വീട്ടിലേക്കു താമസം മാറുന്ന സ്ഥിരം കാഴ്ചകളെ കാറ്റില്‍ പറത്തിയാണ് രണ്‍വീര്‍-ദീപിക ദമ്പതികള്‍ വ്യത്യസ്തരാകുന്നത്. വിവാഹത്തിനു ശേഷം ഇരുവരും ദീപികയുടെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ രണ്‍വീര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിവേകപൂര്‍ണവും സൗകര്യപ്രദവുമായ കാര്യം ദീപികയുടെ വീട്ടിലേക്കു മാറുക എന്നതാണ്. അവള്‍ ആ വീട്ടില്‍ കംഫര്‍ട്ടബിള്‍ ആണ്, അതുകൊണ്ടുതന്നെ അവിടെ നിന്നും മാറ്റാന്‍ എനിക്കു തോന്നിയില്ല. അവള്‍ക്ക് എന്നും പ്രാധാന്യം നല്‍കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. -രണ്‍വീര്‍ പറഞ്ഞു. 

സിനിമാ ലോകത്തേക്കു കടന്നുവന്ന നാള്‍തൊട്ട് മുംബൈയിലെ പ്രഭാദേവി അപാര്‍ട്‌മെന്‌റിലാണ് ദീപിക താമസിക്കുന്നത്. വിവാഹശേഷം ആ വീട്ടില്‍ തന്നെ രണ്‍വീറിനൊപ്പം താമസിക്കുന്നതാണ് തന്റെ സന്തോഷമെന്ന് ദീപിക നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Ranveer Singh reveals the reason why he moved into Deepika Padukone’s home