ദീപിക- രണ്‍വീര്‍ വിവാഹത്തിനു പിന്നാലെ ബിടൗണ്‍ മറ്റൊരു വിവാഹ മാമാങ്കത്തിനു കൂടി സാക്ഷ്യംവഹിക്കാനൊരുങ്ങുകയാണ്. നടി പ്രിയങ്ക ചോപ്രയും ഗായകനും നടനുമായ നിക്ക് ജോനാസും ഡിസംബറില്‍ വിവാഹിതരാവുകയാണ്. വിവാഹത്തിനു മുന്നോടിയായി പ്രിയങ്കയുടെ വീടും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
വിവാഹാഘോഷത്തിന്റെ ഫീല്‍ മുഴുവനായും ലഭിക്കുന്ന വിധത്തില്‍ മനോഹരമായ ലൈറ്റുകളോടെയാണ് പ്രിയങ്കയുടെ ജുഹുവിലെ വീട് അലങ്കരിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം വീട്ടില്‍ വെച്ചുതന്നെ നടന്ന സ്വകാര്യ ചടങ്ങിലാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹനിശ്ചയം നടന്നത്. നവംബര്‍ ഇരുപത്തിയൊമ്പതോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിക്കും. ജോഥ്പൂരിലെ ഉമൈദ് ഭവന് പാലസിലാണ് വിവാഹം നടക്കുന്നത്.
അടുത്തിടെ താരം ന്യൂയോര്‍ക്കില്‍ വീട് സ്വന്തമാക്കിയിരുന്നു. വിവാഹശേഷം ഇവിടെയായിരിക്കും നിക്കും പ്രിയങ്കയും താമസിക്കുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ന്യൂയോര്‍ക്കിലെ ഫോര്‍ സീസണ്‍സ് പ്രൈവറ്റ് റെസിഡന്‍സിലെ 30 പാര്‍ക്ക് പ്ലേസിലാണ് പ്രിയങ്ക ലക്ഷുറി അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിരുന്നത്.
മെഹ്രാന്ഗര് ഫോര്‍ട്ടില്‍ നടക്കുന്ന മെഹന്ദി, സംഗീത് സെറിമണികള്ക്കു ശേഷം ഡിസംബര്‍ രണ്ടിന് ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരാകുന്നത്. ശേഷം, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹിയിലും മുംബൈയിലും വിവാഹസല്‍ക്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: Priyanka Chopra’s home lit up ahead of wedding with Nick Jonas