നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും നിരവധി ആരാധകരുണ്ട്. അടുത്തിടെ ജനിച്ച മകള്‍ നിലയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. മകളുടെ ജനനത്തിനുശേഷമാണ് ഇരുവരും കൊച്ചിയിലെ ആലുവയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. 

തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. 

ആധുനികതയും പരമ്പരാഗത ശൈലിയും ഇടകലര്‍ത്തിയാണ് വീടിന്റെ ഇന്റീയര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. 

പേളിയുടെയും ശ്രീനിഷിന്റെയും ചെരുപ്പുവയ്ക്കുന്നതിനായി വീടിന്റെ മുന്‍വശത്തുതന്നെ വലിയ റാക്ക് ഒരുക്കിയിട്ടുണ്ട്. മകളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്നതിനായി ട്രക്കിന്റെ രൂപത്തിലുള്ള കുഞ്ഞുകളിവണ്ടിയും ഇവിടെയുണ്ട്.

വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധനങ്ങള്‍ കൃത്യമായി ക്രമീകരിക്കുന്നതിന് റാക്കുകളും അലമാരകളും ഇവിടെയുണ്ട്. അടുക്കളയിലെ സാധനങ്ങളൊന്നും പുറത്തുകാണാതെ എടുത്തുവെക്കാന്‍ പാകത്തിലാണ് അലമാരകളും റാക്കുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയ്യുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്‌തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. 

ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്‍നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ ഓര്‍മകള്‍ വിവരിക്കുന്ന ഫോട്ടോകള്‍ പ്രത്യേകം ഫ്രെയിം ചെയ്ത് ബാല്‍ക്കണിയിലൊരുക്കിയിട്ടുണ്ട്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി പറയുന്നു.

Content highlights: pearly maaney and srinish aravind new home home tour