കൊറോണയെ പ്രതിരോധിക്കാന്‍ മിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും ക്വാറന്റൈനില്‍ കഴിയുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം റിയോ ഡി ജനീറോയിലെ മാന്‍ഷനില്‍ കഴിയുന്ന താരം ഇവിടെ നിന്നുള്ള ചിത്രങ്ങളും  പങ്കുവച്ചിരുന്നു. 

ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ച് വോളിബോള്‍ കളിച്ച് നെയ്മര്‍ ക്വാറന്റൈന്‍ ലംഘിച്ചുവെന്ന വാര്‍ത്തകള്‍ വന്നുവെങ്കിലും അദ്ദേഹം ക്വാറന്റൈനില്‍ തന്നെയാണെന്നും വീടിന്റെ പരിസരം വിട്ടു പോയിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 2016ല്‍ അറുപത്തിയഞ്ചു കോടി മുടക്കി നെയ്മര്‍ സ്വന്തമാക്കിയ വീട്ടിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിയുന്നത്. 

neymar

രണ്ടര ഏക്കര്‍ പ്ലോട്ടില്‍ പോര്‍ട്ട്‌ബെല്ലോ എന്ന എസ്‌റ്റേറ്റിലാണ് ഈ മാന്‍ഷന്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഹെലിപാഡും ബോട്ട്‌ജെട്ടിയും ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ജിം, ടെന്നീസ് കോര്‍ട്ട്, മസാജ് റൂം, സ്വിമ്മിങ് പൂള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളും മാന്‍ഷനിലുണ്ട്. ആറു ബെഡ്‌റൂമുകളും വിശാലമായ അതിഥിമുറിയും മോഡേണ്‍ ശൈലിയിലുള്ള കിച്ചണുമാണ് വീട്ടിലുള്ളത്. 

neymar

തീര്‍ന്നില്ല സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ വീടിനു താഴെയുള്ള നിലവറയില്‍ മൂവായിരത്തോളം വൈന്‍ ബോട്ടിലുകള്‍ക്കുള്ള സ്ഥലമുണ്ട്. ഫുട്‌ബോള്‍ താരങ്ങളായ എമേഴ്‌സണ്‍ ഷെയ്ഖ്, ബ്രസീലിയന്‍ നടി അഡ്രിയാന എസ്റ്റീവ്‌സ് തുടങ്ങിയ പ്രശസ്തരാണ് നെയ്മറുടെ അയല്‍ക്കാരായി ഇവിടെയുള്ളത്. 

ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ നെയ്മറുടെ മാന്‍ഷന്‍ ഇത്ര വലുതായതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ചിത്രങ്ങളോട് ആരാധകരുടെ പ്രതികരണം. കൊറോണ ബാധിച്ചവര്‍ക്കായി ഏഴരക്കോടി രൂപ ധനസഹായം നല്‍കുമെന്ന് നെയ്മര്‍ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. 

Content Highlights: Neymar spending quarantine period in this mansion