വ്യത്യസ്തമായ ഗാനാലാപനശൈലിയിലൂടെ ആരാധകരുടെ മനസ്സിലിടം നേടിയ താരമാണ് നേഹ കക്കര്‍. കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് താന്‍ ഇന്നത്തെ നിലയിലേക്കെത്തിയതെന്നു പറയാന്‍ നേഹയ്ക്ക് മടിയില്ല. ഇപ്പോഴിതാ താന്‍ വാടകവീട്ടില്‍ കഴിഞ്ഞ കാലവും ഇന്ന് മനോഹരമായൊരു ബംഗ്ലാവ് നേടിയെടുത്തതുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

പാടിയും സമൂസ വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് മാതാപിതാക്കളെ സഹായിച്ചിരുന്നതെന്ന് നേഹ പറഞ്ഞിട്ടുണ്ട്. റിഷികേശിലെ കുഞ്ഞുവാടകവീടിനു മുമ്പില്‍ നിന്നുള്ള ചിത്രഴും ഇപ്പോഴത്തെ ബംഗ്ലാവിനു മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവച്ച് ഹൃദയം തൊടുന്നൊരു കുറിപ്പും താരം ഷെയര്‍ ചെയ്തു. 

'' റിഷികേശിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. ആ കുഞ്ഞുമുറിയില്‍ ഒരു മേശയിട്ട്, അതാണ് അടുക്കളയാക്കിയിരുന്നത്. ആ മുറിയും ഞങ്ങളുടെ സ്വന്തമായിരുന്നില്ല, വാടകയ്ക്കായിരുന്നു. ഇന്നിപ്പോള്‍ അതേ നഗരത്തില്‍ സ്വന്തമായൊരു ബംഗ്ലാവ് വാങ്ങുമ്പോള്‍ ഞാന്‍ വികാരഭരിതയാകുന്നുണ്ട്. ''- നേഹ കുറിച്ചു.

നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്ത് വിജയം വരിക്കാമെന്നതിന് ഉദാഹരണമാണ് നേഹയെന്നും അങ്ങേയറ്റം പ്രചോദനാത്മകമാണ് നേഹയുടെ ജീവിതമെന്നുമൊക്കെയാണ് പലരും ചിത്രത്തോട് കമന്റ് ചെയ്യുന്നത്.

Content Highlights: Neha Kakkar touching note on owning home