മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് സ്വന്തമാക്കിയ ആഡംബര മാന്‍ഷന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമം നിറയെ. കാലിഫോര്‍ണിയയിലെ സെല്‍മാറിലുള്ള വീടിനായി ഇരുവരും മുടക്കിയത് മുന്നൂറ്റിഇരുപത്തിയെട്ടു കോടി രൂപയാണ്. 

അറുപത്തിനാലുകാരനായ ബില്‍ ഗേറ്റ്‌സും അമ്പത്തിയഞ്ചുകാരി മെലിന്‍ഡയും സ്വന്തമാക്കിയ ഈ സ്ഥലം ഒരു വന്‍ സമുച്ചയമാണ്. ഗ്രീന്‍ ഹൗസ്, ഫാമിലി റെസിഡന്‍സ്, രണ്ട് ഗസ്റ്റ്ഹൗസ് എന്നിവയുള്‍പ്പെടുന്നതാണ് ഈ സ്ഥലം. 5800 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 

കടലിനോട് അഭിമുഖമായുള്ള വീട്ടില്‍ ആറു ബെഡ്‌റൂമുകളും നാല് ബാത്‌റൂമുകളുമാണ് ഉള്ളത്. ആധുനിക ബീച്ച് സ്റ്റൈല്‍ സങ്കല്‍പത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഓപ്പണ്‍ ശൈലിയിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ന്യൂട്രല്‍ കളറുകളാണ് വീടിന് ഏറെയും നല്‍കിയിരിക്കുന്നത്. 

ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനവും കാലാവസ്ഥാ നിയന്ത്രണവും ഇലക്ട്രിസിറ്റി നിയന്ത്രണവുമൊക്കെയാണ് വീട്ടിലുള്ളത്. സ്പാ, തിയേറ്റര്‍, സ്വിമ്മിങ് പൂള്‍, ടെന്നീസ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ചുവരുകള്‍ക്കും മേല്‍ക്കൂരയ്ക്കുമൊക്കെ ധാരാളം വുഡന്‍ ടച്ച് നല്‍കിയിട്ടുണ്ട്. 1999ല്‍ കെന്‍ റോന്‍ചെട്ടി എന്ന ആര്‍ക്കിടെക്റ്റാണ് വീട് ഡിസൈന്‍ ചെയ്തത്. 

bill gates

കാലിഫോര്‍ണിയയിലെ ഏറ്റവും വിലപിടിപ്പുള്ള ബീച്ച്ഹൗസുകളിലൊന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്. ക്വാറന്റൈന്‍ കാലത്ത് ഐസൊലേറ്റ് ചെയ്യാന്‍ ഇതിലും മികച്ച സ്ഥലം കിട്ടാനില്ലെന്നാണ് ചിത്രങ്ങള്‍ക്ക് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: Microsoft founder Bill Gates and wife Melinda oceanfront mansion