ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്നു പരക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടുമില്ല. അതിനിടയിലാണ് പുതിയൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത്. മലൈകയും അര്‍ജുനും ചേര്‍ന്ന് പുതിയൊരു വസതി സ്വന്തമാക്കിയിരിക്കുകയാണത്രേ. 

മുംബൈയിലെ ലോഖണ്ഡ് വാലാ കോംപ്ലക്‌സിലാണ് മലൈകയും അര്‍ജുനും അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയതെന്നാണ് വിവരം. വൈകാതെ ഒന്നിച്ചു താമസിക്കാന്‍ പോകുന്നതിന്റെ മുന്നോടിയാണോ അതോ ഭാവിയിലേക്കുള്ള കരുതലായാണോ പ്രോപ്പര്‍ട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.  വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 

'' മലൈകയും അര്‍ജുനും ചേര്‍ന്ന് ലോഖണ്ഡ് വാലാ കോംപ്ലക്‌സില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും സംയുക്ത നിക്ഷേപമാണത്. അവരവിടെ ഒന്നിച്ചു താമസിക്കാന്‍ പോവുകയാണോ അല്ലയോ എന്നത് പൂര്‍ണമായും അവരുടെ കാര്യമാണ്. പക്ഷേ തീര്‍ച്ചയായും അവര്‍ തങ്ങള്‍ക്കുവേണ്ടിയൊരിടം സ്വന്തമാക്കുകയാണ്.''- ഇരുവരുടെയും അടുത്ത വൃത്തം അറിയിക്കുന്നു. 

കാര്യങ്ങള്‍ ഇത്രത്തോളമായെങ്കിലും വിവാഹത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുക തന്നെയാണ് ഇരുവരും. വ്യക്തിപരമായ ചോദ്യങ്ങളോട് താന്‍ പ്രതികരിക്കാറില്ലെന്നും അത് അത്തരം കാര്യങ്ങള്‍ പറയാനുള്ള മടികൊണ്ടല്ല മറിച്ച് താന്‍ താല്‍പര്യപ്പെടാത്തതിനാല്‍ ആണെന്നുമാണ് മലൈക പറഞ്ഞത്. 

എന്തായാലും വീട് കൂടി ഒന്നിച്ചു സ്വന്തമാക്കിയതോടെ വൈകാതെ വിവാഹ വാര്‍ത്തയും പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍.

Content Highlights: Malaika Arora Arjun Kapoor jointly purchased a house