ടൈറ്റാനിക് എന്ന ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്നും വാതോരാത്തവരുണ്ട്. ചിത്രത്തിലെ ജാക്കും റോസുമൊക്കെ കഥാപാത്രങ്ങള്‍ക്കപ്പുറം പലരുടെയുള്ളിലും കൂടുകൂട്ടി. ആരാധകര്‍ക്ക് മാത്രമല്ല ചിത്രത്തിലെ നായകനായിരുന്ന ലിയണാര്‍ഡോ ഡികാപ്രിയോയ്ക്കും ടൈറ്റാനിക് മറക്കാനാവാത്ത ഓര്‍മകളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെയാണ് മാലിബുവില്‍ വീട് നിര്‍മിച്ചപ്പോള്‍ മുക്കിലും മൂലയിലും വരെ ലിയോ ടൈറ്റാനിക് ഓര്‍മകള്‍ നിറച്ചത്. 

ലിയോയുടെ വീട്ടിനകത്തളം മുഴുവന്‍ ടൈറ്റാനിക് സിനിമയിലെ ഓര്‍മകളാണെന്നു പറയുകയാണ് പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ മെഗാന്‍ വീവര്‍. ടി.വി താരം ഡേവിഡ് യോന്റെഫിന്റെ ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് അധികമാര്‍ക്കും അറിയാത്ത ഈ രഹസ്യം മെഗാന്‍ പങ്കുവച്ചത്. അക്ഷരാര്‍ഥത്തില്‍ ലിയോ ടൈറ്റാനിക്കിനെ വീട്ടിനുള്ളില്‍ കൂട്ടിയിരിക്കുകയാണെന്ന് മെഗാന്‍ പറയുന്നു.

ടൈറ്റാനിക്കിനു ശേഷം ലിയോക്കൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഒരാഴ്ച്ച താമസിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്നാണ് വീട്ടിലെ പലഭാഗങ്ങളിലും ടൈറ്റാനിക് ഓര്‍മകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. പലയിടത്തും ടൈറ്റാനിക് പോസ്റ്ററുകളും ടവ്വലുകളുമൊക്കെ കാണാമായിരുന്നു എന്നും മേഗന്‍ പറയുന്നു. അത്തരം വസ്തുക്കള്‍ കണ്ടതോടെ തനിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ ഇത് ലിയോയുടെ വീടാണോ എന്ന് ചോദിക്കുകയുണ്ടായെന്നും മേഗന്‍. 

പ്രധാനവാതില്‍ കടന്ന് ആദ്യം അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കാണുക ടൈറ്റാനിക്കിലെ ലിയോയുടെ കൂറ്റന്‍ പോസ്റ്ററാണ്. അടുക്കള തൊട്ട് ഓരോ മുറികളും കലാപരമായാണ് ഡിസൈന്‍ ചെയ്തിരുന്നതെന്നും മെഗാന്‍ ഓര്‍ക്കുന്നു. ലിയോയുടെ പ്രധാന വീടല്ല അതെന്നും അവധിക്കാല ഭവനങ്ങളിലൊന്നായി ഉപയോഗിക്കുന്ന വീടാണ് എന്നും മെഗാന്‍ പറയുന്നു. 

Content Highlights: Leonardo DiCaprio Decorated His Malibu Beach House With "Titanic" Stuff