ഗ്രാമി അവാര്‍ഡുകളുടെയും ഗിന്നസ് റെക്കോര്‍ഡുകളുടെയും തോഴി.ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളിലെയും ഓസ്‌കാറിലെയും സ്ഥിരം സാന്നിധ്യം. പറഞ്ഞുവന്നത് അഭിനേത്രിയും ഗായികയുമായ ലേഡി ഗാഗയെക്കുറിച്ചാണ്. ഈ റെക്കോര്‍ഡുകളുടെ കൂട്ടത്തിലേക്കിതാ മറ്റൊരു റെക്കോര്‍ഡ് കൂടി ചേര്‍ത്തിരിക്കുകയാണ് കക്ഷി. മറ്റൊന്നുമല്ല ന്യൂയോര്‍ക്ക് സിറ്റിയില്‍ കോടികള്‍ മുടക്കി ഒരു കിടിലന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് ലേഡി ഗാഗ.
വെസ്റ്റ് ചെല്‍സിയയില്‍ ലേഡി ഗാഗ സ്വന്തമാക്കിയ വീടിന്റെ വില എത്രയാണെന്നോ? മുപ്പതു മില്യണ്‍ ഡോളര്‍, അതായത് 221 കോടിയില്‍പരം ഇന്ത്യന്‍ രൂപ. പതിനൊന്നായിരം ചതുരശ്രയടിയിലുള്ള വീട്ടില്‍ അഞ്ചു ബെഡ്‌റൂമുകളാണുള്ളത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമകള്‍ ആസ്വദിക്കാന്‍ വലിയൊരു സിനിമാ റൂമും പല താരങ്ങളുടെയും വീട്ടിലില്ലാത്ത പ്രൈവറ്റ് പൂളും സ്പായുമൊക്കെ കൂടിച്ചേര്‍ന്നതാണ് ഈ പ്രോപെര്‍ട്ടി.
തന്റെ ലക്ഷുറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വലിയൊരു ഗാരേജും ലേഡി ഗാഗ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. കാര്യം ഗായികയും നായികയുമൊയൊണെങ്കിലും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിലും ഗാഗ ഒട്ടും മോശമല്ല. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന ഗാഗയ്ക്കായി പ്രൈവറ്റ് ജിമ്മും ഇവിടെയുണ്ട്.
ഗ്രേ- വൈറ്റ് നിറമാണ് വീട്ടിലാകെ കാണാന്‍ കഴിയുന്നത്. ചുവരിലും ഫ്‌ലോറിലും ജനലുകളിലും വാതിലുകളിലും ഇന്റീരിയറിലുമൊക്കെയുണ്ട് ഈ ഗ്രേ-വൈറ്റ് കോമ്പിനേഷന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സൊറപറഞ്ഞിരിക്കാനും അല്‍പം മദ്യപിക്കാനുമുള്ളയിടവും ഈ വീട്ടിലുണ്ട്.
Content Highlights: lady gaga new home