രുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് താൻ ബോളിവുഡ് ഇൻഡസ്ട്രിയിൽ ഇടംനേടിയതെന്നു പറഞ്ഞിട്ടുള്ള താരമാണ് കാർത്തിക് ആര്യൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ മധ്യപ്രദേശിലെ ​ഗ്വാളിയോറിൽ നിന്നുള്ള ഈ നടൻ ആരാധക ഹ‍ൃദയങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു. കൊറോണ പരന്നതോടെ സിനിമകൾക്ക് ഇടവേള നൽകി മുംബൈയിലെ വീട്ടിൽ കഴിയുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ ലാവിഷ് വീടിന്റെ ചിത്രങ്ങളും കാർത്തിക് പങ്കുവെക്കാറുണ്ട്. 

മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് കാർത്തിക് മുംബൈയിലെ വീട്ടിൽ കഴിയുന്നത്. ഇളംനിറത്തിലുള്ള പെയിന്റാണ് വീടിനേറെയും നൽകിയിരിക്കുന്നത്. മരം കൊണ്ടുള്ള ഫർണിച്ചറാണ് ലിവിങ് റൂമിലെ ആകർഷണം. ഇളംനിറങ്ങളിലുള്ള കൗച്ചുകളും അതിനോടു ചേരുന്ന പ്രിന്റഡ് കുഷ്യനുകളും മൾട്ടി കളർ കാർപെറ്റുമൊക്കെ ലിവിങ് റൂമിന്റെ സൗന്ദര്യം  കൂട്ടുന്നു. ഇളംനീല നിറമാണ് ചുവരുകൾക്കേറെയും നൽകിയിരിക്കുന്നത്, കണ്ണാടിക്കും ചില അലങ്കാര വസ്തുക്കൾക്കുമൊക്കെ ഈ നിറം നൽകിയതു കാണാം. 

karthik

വിശാലമായ ബാൽക്കണിയാണ് മറ്റൊരു പ്രത്യേകത. ഇൻസ്റ്റ​ഗ്രാമിൽ കാർത്തിക് പങ്കുവെക്കുന്ന വീഡിയോകളിലേറെയും ഇവിടെ വച്ചെടുക്കുന്നവയാണ്. ​ഗ്ലാസ് ചുവരുകൾ കൊണ്ട് മറച്ചിരിക്കുന്ന ഇവിടെ ഇരിപ്പിടത്തിനുള്ള പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുഭാ​ഗങ്ങളിലെപ്പോലെ നീലനിറം തന്നെയാണ് കാർത്തികിന്റെ ബെഡ്റൂമിനും നൽകിയിരിക്കുന്നത്. ഫോട്ടോഫ്രെയിമുകളും വിശാലമായ കണ്ണാടിയുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത. 

കഠിനാധ്വാനത്തിലൂടെയാണ് ഈ വീട് സ്വന്തമാക്കിയതിനു പിന്നിലും ഹൃദയം തൊടുന്ന അനുഭവം കാർത്തിക് മുമ്പു പങ്കുവച്ചിട്ടുണ്ട്. ​ഗ്വാളിയോറിൽ നിന്ന് സിനിമാ മോഹവുമായി മുംബൈയിലേക്ക് വന്നപ്പോള്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ച വീടാണ് മോഹവില കൊടുത്ത് താരം സ്വന്തമാക്കിയത്. ഒരുകോടി അറുപതു ലക്ഷം രൂപയാണ് ഇതിനായി അദ്ദേഹം മുടക്കിയത്. 

karthik

ഇല്ലായ്മകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സുഖദുഃഖങ്ങള്‍ പങ്കുവെച്ചയിടം ഏതുവിധേനയും നേടിയെടുക്കണം എന്ന ആഗ്രഹമാണ് കാര്‍ത്തിക്കിനെ ഈ പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചതെന്നും പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കാര്‍ത്തിക് ആര്യന്റെ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 

Content Highlights: Kartik Aaryan’s Mumbai home