വിവാദങ്ങളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലുള്ള താരമാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. കുടുംബത്തിനു വേണ്ടി എന്നും നിലകൊള്ളാറുള്ള നടിയുമാണ് കങ്കണ. ഇപ്പോഴിതാ സഹോദരങ്ങള്‍ക്കും കസിന്‍സിനും വേണ്ടി ആഡംബര അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങി വാര്‍ത്തയില്‍ നിറയുകയാണ് കങ്കണ. 

സഹോദരി രംഗോലി ചന്ദേലിനും സഹോദരന്‍ അക്ഷതിനും രണ്ട് കസിന്‍സിനുമായി നാലുകോടിയോളം വിലമതിക്കുന്ന അപ്പാര്‍ട്‌മെന്റുകളാണ് കങ്കണ വാങ്ങിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി വാങ്ങിയ വിവരം ട്വീറ്റിലൂടെ കങ്കണ പങ്കുവെക്കുകയും ചെയ്തു. 

ആളുകള്‍ അവരുടെ സമ്പത്ത് കുടുംബാംഗങ്ങളുമായി പങ്കുവെക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് കങ്കണ കുറിച്ചത്. പങ്കുവെക്കപ്പെടുമ്പോഴാണ് സന്തോഷം ഇരട്ടിക്കുന്നതെന്നും മനോഹരമായ ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണ് അവയെന്നും കങ്കണ കുറിച്ചു. നിര്‍മാണത്തിലിരിക്കുന്ന പ്രസ്തുത അപ്പാര്‍ട്‌മെന്റുകള്‍ 2021ഓടെ പണി പൂര്‍ത്തിയാക്കുമെന്നും ഇത് തന്റെ കുടുംബത്തിനായി ചെയ്യാന്‍ കഴിഞ്ഞതില്‍ ഭാഗ്യം ചെയ്തിരിക്കുന്നുവെന്നും കങ്കണ കുറിച്ചു. 

ചണ്ഡിഗഡിലെ പോഷ് ഏരിയയിലാണ് അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കങ്കണയ്ക്ക് മണാലിയില്‍ മനോഹരമായൊരു വീടുണ്ട്. അത് കൂടാതെ മുംബൈയിലും താരത്തിന് വിവിധയിടങ്ങളിലായി വീടുകളുണ്ട്. അടുത്തിടെ മുംബൈയില്‍ സ്വന്തമാക്കിയ കൊട്ടാരസമാനമായ ബംഗ്ലാവിനെക്കുറിച്ചും കങ്കണ പറഞ്ഞിരുന്നു. ആ വീടെടുക്കുന്ന തീരുമാനത്തോട് കുടുംബത്തിന് താല്‍പര്യം ഇല്ലായിരുന്നുവെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് വീട് വാങ്ങിയതെന്നുമാണ് കങ്കണ പറഞ്ഞത്. നാല്‍പ്പത്തിയെട്ടു കോടി മുടക്കി വലിയ വീട് വാങ്ങുന്നതിനോടായിരുന്നു വീട്ടുകാര്‍ക്ക് എതിര്‍പ്പ്. എന്നാല്‍ അതു നല്ല നിക്ഷേപമായിരുന്നോ അല്ലയോ എന്ന് ഭാവിയില്‍ തിരിച്ചറിയുമെന്നും കങ്കണ പറഞ്ഞിരുന്നു.  

നേരത്തേ മുംബൈയിലെ കങ്കണയുടെ ഓഫീസ് അനധികൃതമായി കെട്ടിപ്പൊക്കിയതാണെന്ന് കാണിച്ച് ചിലഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷനെതിരെ ബോംബെ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ച കങ്കണയ്ക്ക് അനുകൂലമായി വിധി വരികയും ചെയ്തു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തി വിദ്വേഷജനകമാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്. 

Content Highlights: Kangana Ranaut buys property worth ₹4 cr for her siblings and cousins