ലോകമെമ്പാടും ആരാധകരുള്ള താരമാണ് പോപ് ഗാനങ്ങളുടെ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കായി വീട്ടുവിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് ബീബര്‍. അമ്പത്തിയെട്ട് കോടിയോളമാണ് ബീബറിന്റെ വീടിന്റെ മൂല്യം.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീട്ടിലെ ബെഡ്‌റൂമിന്റെയും ലിവിങ് റൂമിന്റെയുമൊക്കെ ദൃശ്യങ്ങള്‍ ബീബര്‍ പങ്കുവച്ചത്. ഭാര്യ ഹെയ്‌ലി ബാള്‍ഡ്‌വിന്നിനെയും ദൃശ്യങ്ങളില്‍ കാണാം. 2018ല്‍ വിവാഹിതരായ ദമ്പതികള്‍ ഈ വര്‍ഷമാദ്യം ആണ് ബിവെര്‍ലി ഹില്‍സിലുള്ള ഈ വീട്ടിലേക്ക് കുടിയേറിയത്. 

1930ല്‍ പണികഴിപ്പിച്ച വീട് വര്‍ഷങ്ങള്‍ക്കിപ്പുറം നവീകരിച്ചാണ് ബീബറും കുടുംബവും താമസം മാറിയത്. 6132 ചതുരശ്ര അടിയുള്ള വീട്ടില്‍ അഞ്ചു ബെഡ്‌റൂമുകളും ഏഴു ബാത്‌റൂമുകളും ഒരു മിനി ബാറും ഹോം തീയേറ്ററും ഗാര്‍ഡന്‍ ഏരിയയും സ്വിമ്മിങ് പൂളുമാണുള്ളത്. 

justin bieber

മേല്‍ക്കൂര മുതല്‍ നിലം വരെ മുട്ടിനില്‍ക്കുന്ന ഗ്ലാസ് വാളാണ് ലിവിങ് റൂമിലെ ഹൈലൈറ്റ്. ഒരുഭാഗത്തെ ചുവരില്‍ പിങ്ക് നിറത്തിലുള്ള പ്രതലത്തില്‍ കറുപ്പു നിറം കൊണ്ട് 'ഐ ലവ് യൂ' എന്നെഴുതിയ വാള്‍പേപ്പറും ആകര്‍ഷകമാണ്. വെള്ള നിറത്തിലുള്ള ഫര്‍ണിച്ചറുകളും ആധുനിക ശൈലിയില്‍ പണിത ഫയര്‍പ്ലേസുമൊക്കെയാണ് ബെഡ്‌റൂമിന്റെ മനോഹാരിത കൂട്ടുന്നത്. 

നേരത്തെ ലോസ്ആഞ്ചലസിലുള്ള ടൊലുകാ ലേക്കിലെ മാന്‍ഷനില്‍ വാടകയ്ക്കായിരുന്നു ഇരുവരും താമസിച്ചിരുന്നത്, മാസം 68ലക്ഷം രൂപയായിരുന്നു വാടകയിനമായി നല്‍കിയിരുന്നത്. സ്വന്തം നാടായ ഒന്റാറിയോവില്‍ നൂറ്റിയൊന്ന് ഏക്കറിലുള്ള മുപ്പത്തിനാലു കോടിയുടെ വസ്തുവും താരം സ്വന്തമാക്കിയിരുന്നു. 

Content Highlights: Justin Bieber shares a peek inside his home