ബോളിവുഡിലെ മാത്രമല്ല മോളിവുഡിലെ പ്രേക്ഷകരുടെയും മനംകവർന്ന താരമാണ് നടി ജൂഹി ചൗള. ഹരികൃഷ്ണൻസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകമനസ്സിൽ ഇടംനേടിയ താരം. ഭർത്താവിനും മക്കൾക്കുമൊപ്പം മുംബൈയിലെ ആഡംബര വീട്ടിലാണ് ജൂഹിയുടെ താമസം. ഇപ്പോഴിതാ തന്റെ സുന്ദരഭവനത്തിന്റെ ചില ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.
ജൂഹിയുടെ ഭർത്താവ് ജെയ് മേത്തയുടെ പരമ്പരാഗതഭവനമാണ് ഈ അപ്പാർട്മെന്റ്. പത്താംനിലയിലുള്ള ടെറസ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇത് നവീകരിച്ചതിനുശേഷമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ആർക്കിടെക്ചറൽ ഡൈജസ്റ്റ് എന്ന മാഗസിന് നൽകിയ അഭിമുഖത്തിനിടെയാണ് വീട്ടുവിശേഷങ്ങളെക്കുറിച്ച് ഇരുവരും പങ്കുവച്ചത്.
ശ്രീലങ്കൻ ആർക്കിടെക്റ്റ് ചന്നാ ദസ്വാറ്റെയാണ് വീടിന്റെ ടെറസ് ഏരിയ ഡിസൈൻ ചെയ്തത്. മറൈൻ ഡ്രൈവ് കാഴ്ചകളും ആകാശക്കാഴ്ചകളുമൊക്കെ സുഗമമായ രീതിയിലാണ് ടെറസ് നിർമിച്ചിരിക്കുന്നത്. പാർട്ടികളും മറ്റും നടത്താൻ സൗകര്യപ്രദമായ വിധത്തിൽ ഡൈനിങ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പലഭാഗത്തായി ഇരിപ്പിടങ്ങളും അതിനു മാറ്റുകൂട്ടും രീതിയിൽ പച്ചപ്പും നിറച്ചിട്ടുണ്ട്. ചുവപ്പ്, ബ്രൗൺ നിറങ്ങളിലാണ് ടെറസ് ഒരുക്കിയിരിക്കുന്നത്.
മനോഹരമായ നിർമിതിയെന്നാണ് ചിത്രങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്. കലാശേഖരങ്ങൾ തേടിപ്പിടിച്ച് സ്വന്തമാക്കുന്നയാൾ കൂടിയാണ് ജൂഹിയുടെ ഭർത്താവ് ജേയ്. വീടിന്റെ അകത്തളക്കാഴ്ചകളിലും അവ ദൃശ്യമാണ്.
1940കളിൽ ജേയുടെ അച്ചനാണ് വീട് വാങ്ങിയത്. നിലവിൽ ജൂഹിയും കുടുംബവുമാണ് രണ്ടുനിലകളിൽ താമസിക്കുന്നത്. മറ്റൊരു നിലയിൽ ജേയുടെ അമ്മാവനും.
Content Highlights: Juhi Chawla and Jay Mehta's home