ലോക്ക്ഡൗണ്‍ കാലത്ത് പുതിയ വീടുകളിലേക്ക് മാറിയ താരങ്ങള്‍ നിരവധിയാണ്. സൗകര്യം മാത്രമല്ല പലര്‍ക്കും നല്ലൊരു നിക്ഷേപം കൂടിയാണ് അവ. ഇപ്പോഴിതാ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും പുതിയ വീട്ടിലേക്ക് മാറാനൊരുങ്ങുകയാണ്. നടി പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥയിലായിരുന്ന വീട്ടിലേക്കാണ് ജാക്വിലിന്റെ കൂടുമാറ്റം. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയില്‍ വീട് മാറുന്നതിനായി ശ്രമിക്കുകയായിരുന്നു ജാക്വിലിന്‍. അങ്ങനെയാണ് മുമ്പ് പ്രിയങ്കയുടെ ഉടമസ്ഥതയിലായിരുന്ന വീട് വാങ്ങാന്‍ തീരുമാനിച്ചത്.

ജുഹൂവില്‍ ജാക്വിലിന്‍ മാറാനൊരുങ്ങുന്ന വീടിന്റെ മതിപ്പുവില ഏഴുകോടിയോളമാണ്. 

ആഡംബര സൗകര്യങ്ങളുള്ള ഈ വീട്ടില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ നേരത്തേ സമൂഹമാധ്യമത്തില്‍ നിറഞ്ഞിരുന്നു. 2016ല്‍ പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹസമയത്താണ് അലങ്കരിച്ച വീടിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ പങ്കുവച്ചത്. കടലിന് അഭിമുഖമായ ബാല്‍ക്കണിയും വിശാലമായ ലിവിങ് ഏരിയയും അഞ്ചു ബെഡ്‌റൂമുകളുമാണ് ഈ വീട്ടിലുള്ളത്. 

വിവാഹത്തോടെ യു.എസിലേക്കു പറന്ന പ്രിയങ്ക നിലവില്‍ ലോസ്ആഞ്ചലീസിലാണ് താമസം. 2019ല്‍ നിക്കും പ്രിയങ്കയും ചേര്‍ന്ന് ഇവിടെ 20 മില്യണ്‍ ഡോളര്‍ നല്‍കി ആഡംബര മാന്‍ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 20,000 ചതുരശ്ര അടിയുള്ള മാന്‍ഷനില്‍ ഏഴു ബെഡ്‌റൂമുകളും പതിനൊന്ന് ബാത്‌റൂമുകളുമാണ് ഉള്ളത്.

Content Highlights: Jacqueline Fernandez moves into Priyanka Chopra's old house