ലോകം കണ്ട അപൂര്‍വം അത്യാഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. വ്യവസായ പ്രമുഖന്റെ മകനായ ആനന്ദ് പിരാമലും ഇഷയും ബോളിവുഡിലെയും ഹോളിവുഡിലെയും രാഷ്ട്രീരംഗത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തിയാണ് വിവാഹിതരായത്. അന്റീലിയയില്‍ നടന്ന വിവാഹത്തിനു ശേഷം ഗുലീത എന്ന ബംഗ്ലാവില്‍ വച്ചു വിവാഹസല്‍ക്കാരവും നടന്നു.

ആനന്ദിന്റെ മാതാപിതാക്കളുടെ വക നവദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ച ബംഗ്ലാവാണ്  മുംബൈയിലെ ഗുലീത. വിവാഹത്തിനു ശേഷം ഇരുവരും സ്ഥിരതാമസമാക്കുന്നതും ഗുലീതയില്‍ തന്നെയാണ്. വ്യാഴാഴ്ച്ചയാണ് ഗുലീതയില്‍ വച്ച് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടത്തിയത്. 

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഗുലീതയില്‍ വിരുന്നു സംഘടിപ്പിച്ചത്. വോളി കടലിന് അഭിമുഖമായുള്ള അമ്പതിനായിരം ചതുരശ്ര അടിയിലുള്ള ബംഗ്ലാവാണിത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ മറ്റൊരു വിപുലമായ വിവാഹ സല്‍ക്കാരവും സംഘടിപ്പിക്കുന്നുണ്ട്. 

അഞ്ചു നിലകളുള്ള വീട്ടില്‍. ഒന്നിലധികം ഡൈനിങ് റൂമുകളും ഔട്ട്‌ഡോര്‍ പൂളുമുണ്ട്. വിശാലമായ പുല്‍ത്തകിടിയും വാട്ടര്‍ ബോഡിയും മള്‍ട്ടി പര്‍പ്പസ് റൂമുമൊക്കെയാണ് ബേസ്‌മെന്റിലുള്ളത്. ലിവിങ് റൂം, ഡൈനിങ് ഹാള്‍, ബെഡ്‌റൂമുകള്‍, പഠന മുറികള്‍ എന്നിവയാണ് മുകള്‍ നിലയിലുള്ളത്. ഇരുപതോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇരുചക്ര വാഹനങ്ങള്‍ക്കായി മറ്റൊരു മുറിയും ഇവിടെയുണ്ട്. 

കടലിന് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന വീട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്നാണ് പിരാമലിന്റെ മാതാപിതാക്കള്‍ ഈ പ്രോപ്പര്‍ട്ടി സ്വന്തമാക്കിയത്, അന്നതിന്റെ വില 452 കോടിയായിരുന്നു. 

570 അടി ഉയരവും നാലുലക്ഷം ചതുരശ്ര അടിയുമുള്ളതാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന മാന്‍ഷന്‍. 2002ല്‍ 1 ബില്യണ്‍  2 ബില്യണ്‍ ഡോളറിന് ഇടയിലായിരുന്നു ആന്റിലിയയുടെ നിര്‍മാണ ചെലവ്.

മൂന്നു റൂഫ്‌ടോപ് ഹെലിപാഡുകളും കാര്‍പാര്‍ക്കിങ്ങിനായി ആറുനിലകളും അനേകം ഗസ്റ്റ് ബെഡ്‌റൂമുകളും റീക്രിയേഷന്‍ ഫ്‌ളോറും ഹെല്‍ത്ത് ഫ്‌ളോറും അമ്പതു സീറ്റോളമുള്ള തിയ്യേറ്റര്‍ റൂമും മെയിന്റനന്‍സ് ഫ്‌ളോറും കാര്‍ സര്‍വീസ് ഫ്‌ളോറുമൊക്കെയുള്ള ഇരുപത്തിയേഴു നില കെട്ടിടമാണ് ആന്റിലിയ. അറുനൂറോളം പേരാണ് ആന്റിലിയയില്‍ ജോലിക്കാരായി ഉള്ളത്. 

Content Highlights: Isha, Anand host first reception at Gulita