ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വീടു സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാരനായ മുകേഷ് അംബാനിയുമുണ്ട്. മുംബൈയിലുള്ള ആന്റിലിയ എന്ന ആഡംബര മാന്‍ഷനിലെ കാഴ്ച്ചകള്‍ അത്രയ്ക്കുണ്ട്. മുകേഷിന്റെയും നിതയുടെയും പുത്രിയായ ഇഷ ആന്റിലിയ വിട്ട് പുതിയ വീട്ടിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ആനന്ദ് പിരാമലുമായുള്ള വിവാഹത്തോടെ ഇഷ പുതിയ വീട്ടിലേക്കു കൂടുമാറുമെന്നാണ് വിവരങ്ങള്‍. 

ആനന്ദിന്റെ മാതാപിതാക്കളായ അജയ് പിരാമലും ഗീതയും മകനും മരുമകള്‍ക്കുമായി നല്‍കുന്ന സമ്മാനമാണ് ഗുലീത എന്നു പേരിട്ടിരിക്കുന്ന ഈ വീട്. മുംബൈയിലെ വര്‍ളിയില്‍ അമ്പതിനായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന വീടിന് അഞ്ചു നിലകളാണുള്ളത്.

കടലിന് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന വീട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്നാണ് പിരാമലിന്റെ മാതാപിതാക്കള്‍ ഈ പ്രോപ്പര്‍ട്ടി സ്വന്തമാക്കിയത്, അന്നതിന്റെ വില 450 കോടിയായിരുന്നു. 

ഡിസംബര്‍ പന്ത്രണ്ടിന് വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കു മാറാനാണ് തീരുമാനം. ഇപ്പോള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണിവിടെ. വിശാലമായ പുല്‍ത്തകിടിയും വാട്ടര്‍ ബോഡിയും മള്‍ട്ടി പര്‍പ്പസ് റൂമുമൊക്കെയാണ് ബേസ്‌മെന്റിലുള്ളത്. ലിവിങ് റൂം, ഡൈനിങ് ഹാള്‍, ബെഡ്‌റൂമുകള്‍, പഠന മുറികള്‍ എന്നിവയാണ് മുകള്‍ നിലയിലുള്ളത്. 

570 അടി ഉയരവും നാലുലക്ഷം ചതുരശ്ര അടിയുമുള്ളതാണ് ഇഷ ഇപ്പോള്‍ താമസിക്കുന്ന ആന്റിലിയ എന്ന മാന്‍ഷന്‍. 2002ല്‍ 1 ബില്യണ്‍ - 2 ബില്യണ്‍ ഡോളറിന് ഇടയിലായിരുന്നു ആന്റിലിയയുടെ നിര്‍മാണ ചെലവ്.

മൂന്നു റൂഫ്‌ടോപ് ഹെലിപാഡുകളും കാര്‍പാര്‍ക്കിങ്ങിനായി ആറുനിലകളും അനേകം ഗസ്റ്റ് ബെഡ്‌റൂമുകളും റീക്രിയേഷന്‍ ഫ്‌ളോറും ഹെല്‍ത്ത് ഫ്‌ളോറും അമ്പതു സീറ്റോളമുള്ള തിയ്യേറ്റര്‍ റൂമും മെയിന്റനന്‍സ് ഫ്‌ളോറും കാര്‍ സര്‍വീസ് ഫ്‌ളോറുമൊക്കെയുള്ള ഇരുപത്തിയേഴു നില കെട്ടിടമാണ് ആന്റിലിയ. അറുനൂറോളം പേരാണ് ആന്റിലിയയില്‍ ജോലിക്കാരായി ഉള്ളത്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: isha ambani anand piramal new home