ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് താപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിലൂടെ തുടക്കം കുറിച്ച് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ താരം അവസരങ്ങളെയോർത്ത് നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാറുമില്ല. തന്റെ നീണ്ടനാളത്തെ കഠിനാധ്വാനത്തിനൊടുവിലാണ് മുംബൈയിൽ താപ്സി ഒരു വീട് സ്വന്തമാക്കിയത്. താരത്തെപ്പോലെ തന്നെ ബോൾഡാണ് വീടും.
അന്ധേരിയിലാണ് താപ്സി രണ്ടു ബെഡ്റൂമുകളോടു കൂടിയ അപ്പാർട്മെന്റ് സ്വന്തമാക്കിയത്. താരത്തോടൊപ്പം സഹോദരി ഷഗുൻ പന്നുവും താമസിക്കുന്നുണ്ട്. 2018ലാണ് ഇരുവരും ഈ ഇടത്തിലേക്കു മാറിയത്. വീടിന്റെ ഇന്റീരിയർ ഒരുക്കുന്നതിൽ താപ്സിയുടേയും സഹോദരിയുടേയും പങ്കുണ്ട്. സൗന്ദര്യാത്മകമായാണ് മുക്കും മൂലയും വരെ ഒരുക്കിയിരിക്കുന്നത്.
യൂറോപ്യൻ കഫേകളുടെ ശൈലിയാണ് ഇന്റീരിയറിൽ പ്രചോദനമായിട്ടുള്ളതെന്ന് താപ്സി മുമ്പ് പറഞ്ഞിട്ടുണ്ട്. വെള്ള നിറം പൂശിയ ഇഷ്ടികച്ചുമരിലെ ഭീമൻ ക്ലോക്കാണ് ലിവിങ് റൂമിലെ പ്രധാന ആകർഷണം. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോട്ടോകളിലും ഈ ഇടം കാണാം. വീട്ടിലെ ഏറ്റവും ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഭാഗം ലൈബ്രറിയോടു ചേർന്നുള്ല ഫീച്ചർ വാളാണ്. യാത്രകൾക്കിടയിൽ താൻ സ്വന്തമാക്കിയ കരകൗശല വസ്തുക്കളും അല്ലറ ചില്ലറ അലങ്കാരവസ്തുക്കളുമൊക്കെ ഈ ചുവരിൽ നിരത്തിയിരിക്കുന്നതു കാണാം.
ഇതുപോലെ തന്നെ സൂക്ഷമമായി താരം ഒരുക്കിയിട്ടുള്ള ഭാഗമാണ് ബാൽക്കണി. താപ്സിയുടെ യോഗയും ധ്യാനവും വ്യായാമവുമൊക്കെ ഈ ഇടത്തിലാണ്. ഇവിടെയും ചുമരിൽ ഇന്റീരിയർ പ്ലാന്റ്സിനൊപ്പം ഉദ്ധരണികളടങ്ങിയ ഫോട്ടോകളും പെയിന്റിങ്ങുകളുമൊക്കെ കാണാം.
മനോഹരമായൊരുക്കിയിരിക്കുന്ന ഡൈനിങ് ഹാളും താപ്സിയുടെ വീടിന്റെ പ്രധാന ആകർഷണമാണ്. ചെറിയ ഡൈനിങ് ടേബിളിന് ചുറ്റും പലനിറങ്ങൾ പൂശിയ കസേരകളാണ് ഇട്ടിരിക്കുന്നത്. വിന്റേജ് ശൈലിയിൽ സെറ്റ് ചെയ്തിരിക്കുന്ന ക്രോക്കറി ഷെൽഫും അലങ്കാരവിളക്കുകളുമൊക്കെ ഇവിടെ കാണാം.
വെള്ളനിറമാണ് ബെഡ്റൂമിന്റെ പ്രത്യേകത. കട്ടിലിനു പോലും തൂവെള്ള നിറം പൂശിയിരിക്കുകയാണ്. ബെഡിനു മുകളിലുള്ള ചുമർ ഭാഗം ഫ്ളോറൽ ഡിസൈനാണ് നൽകിയിരിക്കുന്നത്. കട്ടിലിനു മുകളിലെ കാലിനോടു ചേർന്ന് ഇരുവശത്തേക്കും താരത്തിന്റെ ഫോട്ടാകൾ കൊരുത്തിട്ടിരിക്കുന്നതു കാണാം.
Content Highlights: inside taapsee pannu home